ചരിത്ര 'സിന്ധൂ'രം
ഗ്വാങ്ഷു: തായ്‌വാനില്‍ നടക്കുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍സ് ഫൈനല്‍സില്‍ പി.വി സിന്ധുവിന് കിരീടം. ജപ്പാന്‍ താരം നസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. ഒളിംപിക്‌സിന് ശേഷം തുടര്‍ച്ചയായി പരാജയം നേരിട്ട സിന്ധുവിന് ചരിത്രനേട്ടത്തിലൂടെ സീസണ്‍ അവസാനിപ്പിക്കാനായി.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യന്‍താരം ഫൈനലില്‍ ജാപ്പനീസ് എതിരാളിയെ 21-19, 21-17 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
രണ്ടണ്ടു സെറ്റിലും എതിരാളി കടുത്ത ഭീഷണിയുയര്‍ത്തിയെങ്കിലും സമ്മര്‍ദത്തെ അതിജീവിച്ചാണ് ഇന്ത്യന്‍താരം കിരീടനേട്ടത്തിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ മറ്റൊരു ജാപ്പനീസ് താരമായ അകാനെ യമാഗുച്ചിയോട് പരാജയപ്പെട്ടാണ് ഇന്ത്യന്‍ താരം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. മുന്‍പ് ലോക ചാംപ്യന്‍ഷിപ്പില്‍ ഒകുഹാരയോടുള്ള തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു. നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കന്‍ താരം ബെയ്‌വന്‍ ഴാങ്ങിനെ 21-9, 21-15 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് സെമിയിലെത്തിയത്. സെമിയിലും കടുത്ത പോരാട്ടം നടത്തിയണ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ യുവതാരം സമീര്‍ വര്‍മ സെമിയില്‍ പൊരുതിത്തോറ്റിരുന്നു. ചൈനീസ് താരം ഷി യുഖിയോട് 21-12, 20-22, 21-17 എന്ന സ്‌കോറിനാണ് സമീറിന്റെ തോല്‍വി. ചൈനീസ് താരത്തിനെതിരേ തകര്‍പ്പന്‍ കളിയാണ് സമീര്‍ വര്‍മ കാഴ്ചവച്ചത്.
2017 ല്‍ കൊറിയന്‍ ഓപ്പണിന് ശേഷം ആദ്യമായിട്ടാണ് സിന്ധു സ്വര്‍ണ നേട്ടത്തിലെത്തുന്നത്. മത്സരം 62 മിനുട്ട് നീണ്ടുനിന്നു. എതിരാളിക്ക് മുന്നേറാന്‍ ഒരവസരവും നല്‍കാതെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധു വെന്നിക്കൊടി പാറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."