കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ആര്.എഫ്.സി കൊച്ചിന്
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ 6-2ന് തകര്‍ത്ത് ആര്.എഫ്.സി കൊച്ചിന് ആദ്യ മത്സരം അവിസ്മരണീയമാക്കി. മികച്ച പ്രകടനത്തോടെയാണ് ആര്.എഫ്.സി കൊച്ചിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വിജയം നേടിയത്. ഐ.എസ്.എല്‍ മത്സരത്തില്‍ ദയനീയമായ പ്രകടനവുമായി നീങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നിരയും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ കാണികളെ നിരാശരാക്കിയാണ് കളിക്കളം വിട്ടത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനുമേല്‍ ആര്.എഫ്.സി പൂര്‍ണ ആധിപത്യം നേടി. അഞ്ചാം മിനുട്ടില്‍ സീസണിലെ ആദ്യഗോള്‍ നേടി ആര്.എഫ്.സി യുടെ ഡോണ്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 16-ാം മിനുട്ടില്‍ റൂണി യൂസഫും 43 -ാം മിനുട്ടില്‍ ആസ്റ്റ്ലി ജി. തോമസും 45-ാം മിനുട്ടില്‍ അജിത്തും വല ചലിപ്പിച്ചു ആര്.എഫ്.സിയുടെ ലീഡ് വര്‍ധിപ്പിച്ചു. റൂണി യൂസഫ് 87-ാം മിനുട്ടില്‍ ആര്.എഫ്.സിയുടെ ആറാം ഗോളും നേടി ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് നാലു ഗോളുകള്‍ക്ക് പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട നിലയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തിയെങ്കിലും രണ്ട് ഗോളുകള്‍ മടക്കി നല്കാന് മാത്രമേ കഴിഞ്ഞുള്ളു. പ്രീതം കുമാര്‍ സിങ് 57-ാം മിനുട്ടിലും ലാല്‍ തക്കിമ 61-ാം മിനുട്ടിലും ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഊര്‍ജം കൈവന്നു. എന്നാല്‍ മികച്ച മുന്നേറ്റം നടത്തിയിരുന്ന ജേക്കബ് ജോണിന് പരുക്കേറ്റതോടെ ബ്ലാസ്റ്റേഴ്സ് നിര കൂടുതല്‍ പ്രതിരോധത്തിലായി.19ന് തിരുവനന്തപുരം പൊലിസ് സ്റ്റേഡിയത്തില്‍ എസ്.ബി.ഐ കേരളയും സാറ്റ് തിരുരും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."