വനിതാ വികസന കോര്‍പ്പറേഷന്‍ : വിധവകള്‍ക്ക് സംരംഭകത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ പത്തു കേന്ദ്രങ്ങളിലായി 18 നും 55 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക് (40 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍) വേണ്ടി ജില്ല തോറും സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മേല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ തെരഞ്ഞെടുക്കും. ഒറ്റപ്പെട്ടുപോയ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിന് പുറമേ ധൈര്യപൂര്‍വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കും. മിനിമം യോഗ്യത : പത്താം ക്ലാസ് പഠനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. മൂന്ന് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) തിരുവനന്തപുരം മേഖലാ ഓഫീസില്‍ ആഗസ്റ്റ് 14 ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം : മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ടി.സി. 15/1942 (2), ലക്ഷ്മി, ഗണപതികോവിലിനു സമീപം, വഴുതയ്ക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം 695 014 ഫോണ്‍ : 04712328257, ഇമെയില്‍ [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."