റാഫേല്‍: മോദിയും നിര്‍മല സീതാരാമനും മാപ്പുപറയണമെന്ന് മുല്ലപ്പള്ളി
തൃശൂര്‍: റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു വ്യക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രാജ്യത്തോടു മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആദ്യം മുതല്‍ ആവശ്യപ്പെടുന്ന ജോയിന്റ് പാര്‍ലമെന്ററി കാര്യ കമ്മിറ്റി അന്വേഷിക്കണമെന്നതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. റാഫേല്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരായ സമര പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുക്കാതെ വനിതാ മതിലില്‍ പങ്കെടുത്താല്‍ നിയമപരമായി നേരിടും, വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണ്. വനിതാ മതില്‍ എന്തിനു വേണ്ടിയാണെന്നു വിശദമാക്കാന്‍ ഇതുവരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല.
മനുഷ്യമതില്‍ നിര്‍മിക്കാനുള്ളതല്ല ഈ സമയമെന്നു സര്‍ക്കാര്‍ മനസിലാക്കണം, അദ്ദേഹം പറഞ്ഞു.
പി.കെ ശശി എം.എല്‍.എ കുറ്റാരോപിതനായ സ്ത്രീപീഡനക്കേസില്‍ പരാതിക്കാരിയെ ഒറ്റപ്പെടുത്തി ശശിയെ വെള്ളപൂശുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം ചെയ്യുന്നത്. അതേ സി.പി.എമ്മിനു സ്ത്രീ സുരക്ഷയേയും സ്ത്രീ സ്വാതന്ത്ര്യത്തേയും കുറിച്ചു സംസാരിക്കാന്‍ എന്താണ് അര്‍ഹതയെന്നു വ്യക്തമാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ.പി.സി.സി പുനഃസംഘടിപ്പിക്കും. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും അതിനായി പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വം വേണമെന്നും അതുമുന്നില്‍ക്കണ്ടാണ് പുനഃസംഘടന നടക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."