മലയാളത്തിന് പദവി മാത്രം
തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും മലയാള ഭാഷയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്നു അതിനുള്ള പരിഗണനയൊന്നും ഉണ്ടായില്ല. ശ്രേഷ്ഠഭാഷാ പദവിക്കു പിന്നാലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍നിന്നു പ്രത്യേക ധനസഹായവും മറ്റും ലഭിക്കുമെങ്കിലും മലയാളത്തിന് ഒന്നും ലഭിച്ചില്ല.
2013ലാണ് മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയായി തിരഞ്ഞെടുത്തത്.
രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷയെന്ന പരിഗണന നല്‍കിയാണ് രാജ്യത്തെ അഞ്ചാമത്തെ ശ്രേഷ്ഠ ഭാഷയായി മലയാളത്തെ കേന്ദ്രം തിരഞ്ഞെടുത്തത്. ശ്രേഷ്ഠഭാഷകളുടെ വികസനത്തിനായി നൂറുകോടി രൂപ നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനമെങ്കിലും പദവി ലഭിച്ച് അഞ്ച് വര്‍ഷത്തിനിടെ മലയാളത്തിന് അത്തരത്തില്‍ പണമൊന്നും ലഭിച്ചില്ല.
ശ്രേഷ്ഠഭാഷയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ മുന്നോട്ടുവച്ച് സംസ്ഥാനം കേന്ദ്രത്തോട് സഹായം തേടിയെങ്കിലും അനുവദിക്കപ്പെട്ടില്ല.
മലയാള ഭാഷയുടെ പാരമ്പര്യം വിളിച്ചോതുന്ന ചരിത്ര രേഖകളുടെയും പ്രസിദ്ധീകരണങ്ങളുടേയും സംരക്ഷണം, മലയാള ഭാഷയുടെ സമഗ്രവളര്‍ച്ചക്ക് കേരള സാഹിത്യ അക്കാദമി മുഖേന നടപ്പിലാക്കുന്ന ശില്‍പശാലകള്‍, മലയാള ലിപികളുടെ പരിഷ്‌കരണം തുടങ്ങിയ പദ്ധതികളടങ്ങിയ നിര്‍ദേശങ്ങളാണ് സംസ്ഥാനം വിവിധ ഘട്ടങ്ങളിലായി കേന്ദ്രത്തിനു മുന്നില്‍വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."