സഊദി- യമന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം രൂക്ഷം: മൂന്ന് ദിവസത്തിനിടെ 48 പേര് കൊല്ലപ്പെട്ടു
റിയാദ്: സഊദി യമന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം രൂക്ഷം. സഊദിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 48 പേരാണ് കൊല്ലപ്പെട്ടത്.
യമനിലെ വിമത വിഭാഗമായ ഹൂതികളില്‍ പെട്ട 31 പേരും യമന്‍ സൈന്യത്തിലെ 31 പേരും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സര്‍ക്കാരിനെതിരെ യുദ്ധത്തിലേര്പ്പെട്ടതോടൊപ്പം അതിര്‍ത്തി രാജ്യമായ സഊദിക്കെതിരെയും കനത്ത ആക്രമണങ്ങളാണ് യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തുന്നത്. ഔദ്യോഗിക യമന്‍ സര്‍ക്കാരിന് വേണ്ടി സഊദി സഖ്യം യുദ്ധത്തിലേര്പ്പെട്ടതിനെ തുടര്‍ന്നാണ് ഹൂതികള്‍ സഊദിക്കെതിരെ ആക്രമണം നടത്തുന്നത്.
സഖ്യസേന ഹൂതികള്‍ക്കെതിരെ കനത്ത വ്യോമാക്രമണമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നടത്തിയത്. ചെങ്കടലിനു തീരത്തെ തുറമുഖമായ മെദി, സഊദി അതിര്‍ത്തി പ്രദേശമായ ജിസാനിനു സമീപത്തെ ഹരാദ ജില്ല തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നു ദിവസങ്ങളില്‍ ഇരുപതിലധികം തവണ വ്യോമാക്രമണങ്ങള്‍ നടത്തി. കൊല്ലപ്പെട്ട ഹൂതികളുടെ മൃത ശരീരങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും നിരവധി പേരെ യുദ്ധ തടവുകാരായി പിടിക്കപ്പെട്ടുവെന്നും അധികൃതരെ ഉദ്ധരിച്ചു ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൂതി കേന്ദ്രങ്ങളിലേക്ക് സഖ്യ സൈന്യവും യമന്‍ സൈന്യവും എത്തിയെങ്കിലും കുഴിബോംബ് ഭീഷണി നേരിടുന്നതു മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്.
ശനിയാഴ്ച്ച സഖ്യസൈന്യം തങ്ങള്‍ക്കെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതായി ഹൂതി നിയന്ത്രിത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച്ച ഹൂതികള്‍ മക്കക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത് മക്കക്ക് സമീപം തായിഫില്‍ വെച്ച് സഊദി വ്യോമസേന തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് മറുപടിയായി ശക്തമായ ആക്രമണങ്ങളാണ് ഹൂതികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."