പായല്‍ നിറഞ്ഞ കുറവന്‍ചിറ ഉപയോഗ ശൂന്യമായി
മാള: ഗ്രാമപഞ്ചായത്തി ലെ പത്താം വാര്‍ഡില്‍ മാരേക്കാട് പ്രദേശത്തുള്ള ഒരേക്കറോളം വിസ്തൃതിയുള്ള കുറവന്‍ചിറ വീണ്ടും പായലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായി. കഴിഞ്ഞ വര്‍ഷമാണ് ചിറയില്‍ നിറഞ്ഞ് കിടന്നിരുന്ന പായലും ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് ചിറ നവീകരിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ചിറ നവീകരിച്ചത്. ചിറയുടെ പാര്‍ശ്വ ഭിത്തികള്‍ ബലപ്പെടുത്തുകയും ചിറയിലെ ചളി നീക്കം ചെയ്യുകയും നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കാവുന്ന രീതിയില്‍ ചിറ പുനരുദ്ധരിക്കുകയും ചെയ്തു. ജലവിതാനം നാല് അടയിള് കൂടാതിരിക്കാനായി ചിറയുടെ മൂലയില്‍ ഷട്ടര്‍ പിടിപ്പിച്ചിട്ടുണ്ട്. ചിറയിലെ അധിക വെള്ളം തോട്ടിലൂടെ ഒഴുകി പുറത്ത് പോകാനും പുറത്ത് നിന്ന് തോട് വഴി വെള്ളം ചിറയിലേക്ക് കയറാതിരിക്കാനും ഷട്ടര്‍ ഉപകരിക്കുന്നതാണ്. നീന്തല്‍ പരിശീലിക്കാന്‍ ഉപയോഗിക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കിയ മറ്റൊരു ചിറയും ഈ പ്രദേശത്തില്ല. ചിറയില്‍ നീന്തല്‍ പരിശീലനം നേടാന്‍ നിരവധി കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പരിശീലകന് ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇങ്ങനെ ചിറ വെറുതെ കിടന്നതിനാലാണ് പായലും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമായത്. നീന്തല്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച പഞ്ചായത്ത് ഒരു പരിശീലകനെ കൂടി നിയോഗിച്ചിരുന്നെങ്കില്‍ ഏറെ ഉപകാരമാകുമായിരുന്നു ഏന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരേക്കാട് അഷ്ടമിച്ചിറ റോഡില്‍ മാണിയംകാവ് അമ്പലം വളവ് കഴിഞ്ഞ് തെക്കോട്ടുള്ള പഞ്ചായത്ത് റോഡിലൂടെ അര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുറവന്ചിറയില് എത്തിചേരാം. ടാര്‍ റോഡില്‍ നിന്ന് ചിറയിലേക്കുണ്ടായിരുന്ന പഴയനടപ്പ് വഴി വീതീ കൂട്ടി നിര്‍മിച്ച റോഡിലും കാടും പുല്ലും നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."