മധ്യപ്രദേശ്, രാജസ്ഥാന് മുഖ്യമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും
ഭോപ്പാല്‍, ജയ്പൂര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ടും ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ഇന്ന് ഉച്ചക്ക് 1.30നാണ് കമല്‍ നാഥ് ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക.
ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ക്കുപുറമെ പ്രത്യേക ക്ഷണിതാക്കളായ ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് എന്നിവരും സംബന്ധിക്കും.
ഭോപ്പാലിലെ ജംബൂരി മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നേരത്തെയുള്ള മുഖ്യമന്ത്രിമാര്‍ ലാല്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലായിരുന്നു സത്യവാചകം ചൊല്ലി അധികാരമേറ്റിരുന്നത്. മധ്യപ്രദേശിലെ ചിന്ദ്്വാരയില് നിന്ന് ഒന്‍പതു തവണ എം.പിയായിട്ടുള്ള കമല്‍ നാഥിനെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം കേന്ദ്ര നേതൃത്വത്തിലേക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമല്‍ നാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളിലാണ് രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വസുന്ധര രാജെ മുഖ്യമന്ത്രിയായി രാജസ്ഥാന് നിയമസഭക്ക് പുറത്ത് പ്രത്യേക വേദിയിലായിരുന്നു സത്യവാചകം ചൊല്ലി അധികാരമേറ്റിരുന്നത്. എന്നാല്‍ ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര സംഭവമാക്കുന്നതിനായാണ് 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ച വെയില്‍സ് രാജകുമാരന് ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന്റെ പേരിലുള്ള ആല്‍ബര്‍ട്ട് ഹാളിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."