അകലെയല്ല ആകാശം
ജാവിദ് അഷ്‌റഫ്#
എത്ര ദൂരെയാണ്
ബഹിരാകാശം
ഭൂമിയും ഉപഗ്രഹമായ ചന്ദ്രനുമിടയിലുള്ള സ്ഥലം പോലെ ഗോളങ്ങള്‍ക്കിടയിലുള്ള ശൂന്യപ്രദേശമാണ് ബഹിരാകാശം. 2.7 കെല്‍വിനാണ് താപനില. ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഘര്‍ഷണമില്ലാതെ ബഹിരാകാശത്തു കൂടി സഞ്ചരിക്കാന്‍ സാധിക്കും. ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനാണ് റഷ്യക്കാരനായ യൂറി ഗഗാറിന്‍.
എങ്ങനെ പോകാം
ബഹിരാകാശ വിക്ഷേപണം എന്നു കേള്‍ക്കുമ്പോഴേ മനസിലുയരുന്ന സാങ്കേതിക വിദ്യയാണ് റോക്കറ്റ്. ഉപഗ്രഹങ്ങളെ കൊണ്ടുപോകാനാണ് സാധാരണയായി റോക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ഇവ കൂടുതലായും കത്തിത്തീര്‍ന്നു പോകുന്നവയാണ്. എന്നാല്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റോക്കറ്റുകളും (സ്‌പേസ് ഷട്ടിലുകള്‍) ഉണ്ട്. റോക്കറ്റിലേറ്റിയാണ് ഉപഗ്രഹത്തെ ബഹിരാകാശത്തേക്കെത്തിക്കുന്നതെന്ന കാര്യം മാത്രമാണ് പലര്‍ക്കുമറിയുന്നത്.
എന്നാല്‍ ഇതിന് എത്രമാത്രം കടമ്പകള്‍ കടക്കണമെന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. ഒരു റോക്കറ്റിനെ ചലിക്കാന്‍ സഹായിക്കുന്നത് പ്രൊപ്പല്ലന്റ് എന്ന ഘടകമാണ്. കത്താനുള്ള ഇന്ധനവും കത്തിക്കാനുള്ള ഓക്‌സിജനും ചേര്‍ന്നതാണ് പ്രൊപ്പല്ലന്റ്. പ്രൊപ്പല്ലന്റിന്റെ പ്രവര്‍ത്തനത്തോടെ റോക്കറ്റിന്റെ യാത്ര ആരംഭിക്കും. ഏകഘട്ട റോക്കറ്റുകളും ബഹുഘട്ട റോക്കറ്റുകളും ഉണ്ട്. ആദ്യ കാലത്ത് ഏകഘട്ട റോക്കറ്റുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് നിശ്ചിതഭാരത്തെ ഒരു പരിധിക്കപ്പുറം എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബഹുഘട്ട റോക്കറ്റുകള്‍ ഈ കടമ്പകള്‍ മറികടക്കും. ഒന്നിനു പിറകെ ഒന്നായി ജ്വലനം നടത്തുന്ന വിവിധ റോക്കറ്റുകള്‍ വലിയ ഭാരമുള്ള ഉപഗ്രഹങ്ങളെ വളരെ ദൂരത്തേക്കെത്തിക്കുവാന്‍ സഹായിക്കും. ഇത്തരം ഉപഗ്രഹങ്ങളില്‍ തന്നെ ഒന്നാം ഘട്ടം വിജയകരമായാലും രണ്ടാമത്തേയോ മൂന്നാമത്തേയോ ഘട്ടം പരാജയപ്പെട്ടാല്‍ ആ പര്യവേക്ഷണം തന്നെ പരാജയപ്പെടാം. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു ഭ്രമണപഥത്തിലേക്കുള്ള യാത്രയിലെ ആദ്യത്തെ അന്‍പതോളം കിലോമീറ്റര്‍ സാന്ദ്രതകൂടിയ വായുവിനെ പുറം തള്ളിയിട്ടു വേണം റോക്കറ്റിനു മുന്നോട്ട് കുതിക്കാന്‍.
ഈ സമയത്തുള്ള അമിത ഘര്‍ഷണം പോലും അപകടങ്ങളുണ്ടാക്കാം. ഇവയെ അതിജീവിച്ച് റോക്കറ്റുകള്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാല്‍ മാത്രമാണ് ഒരു ദൗത്യം വിജയിച്ചെന്നു പറയാനാകുന്നത്. ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകളില്‍നിന്നു വ്യത്യസ്തമായിട്ടാണ് സ്‌പേസ് ഷട്ടിലിന്റെ ഘടന. ഇവയിലെ പ്രൊപ്പല്ലന്റ് ടാങ്ക് വളരെ വലുതായിരിക്കും. അതോടൊപ്പം ഇവയെ ജ്വലിപ്പിക്കാനുള്ള ബൂസ്റ്ററുകളും ഓര്‍ബിറ്റര്‍ എന്ന യാത്രാവാഹനവും ചേരുന്നതാണ് സ്‌പേസ് ഷട്ടില്‍. ബൂസ്റ്ററുകള്‍ ജ്വലനത്തോടെ വേര്‍പ്പെടുകയും പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഓര്‍ബിറ്റര്‍ അന്തരീക്ഷത്തിലെത്തി താഴേക്കു പതിക്കുകയും വിമാനം പോലെ പ്രത്യേകം റണ്‍വേയിലൂടെ സഞ്ചരിക്കുകയും ചെയ്യും.
അപകടങ്ങള്‍
വിക്ഷേപണം, കൃത്യമായ ഭ്രമണപഥത്തിലെത്തല്‍, ബഹിരാകാശത്തിലെ ജീവിതം, ഭൂമിയിലേക്കുള്ള തിരിച്ച് വരവ് തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് വേണം ഒരു ബഹിരാകാശ യാത്ര വിജയിപ്പിച്ചെടുക്കാന്‍. ഇവയില്‍ ഏതെങ്കിലുമൊരു ഘട്ടത്തിലെ പരാജയം അനേകം പേരുടെ ജീവിതം തന്നെ ഇല്ലാതാക്കും. വിക്ഷേപണത്തിന് അനുകൂലമായ കാലാവസ്ഥ ലഭ്യമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. വിക്ഷേപണത്തില്‍ വരുന്ന പിഴവ് പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. റോക്കറ്റിന്റെ ഡിസൈനിങ്ങില്‍ വരുന്ന പിഴവുകള്‍, ഇന്ധന ടാങ്കിന്റെ ചോര്‍ച്ച, തീപിടിത്തം, ജ്വലനത്തില്‍ വരുന്ന കാലതാമസം ഇങ്ങനെ പോകുന്നു ആ പട്ടിക. കൃത്യമായ ഭ്രമണ പഥത്തിലെത്തുക എന്ന കാര്യവും വളരെ പ്രാധാന്യമേറിയതാണ്. ഇത്രയും കടമ്പകള്‍ കടന്ന് ഭ്രമണപഥത്തിലെത്തിയെന്നിരിക്കട്ടെ, അവിടെയുള്ള നിലനില്‍പ്പിലും ആദ്യാന്തം അനേകം അപകടങ്ങളുണ്ട്.
ബഹിരാകാശത്തെ കാലാവസ്ഥയാണ് ഒരു സഞ്ചാരിക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്‌നം. ഉയര്‍ന്ന തോതിലുള്ള റേഡിയേഷനും താപവും യാത്രക്കാരനില്‍ ഗുരുതരമായ ആഘാതങ്ങളേല്‍പ്പിക്കാം. ബഹിരാകാശത്ത് ലോക രാഷ്ട്രങ്ങള്‍ വിക്ഷേപിച്ച നൂറുകണക്കിന് ബഹിരാകാശ യാനങ്ങളില്‍ പലതിന്റേയും കാലാവധി തീര്‍ന്നു പോയതിനാല്‍ തന്നെ അവയുടെ നിയന്ത്രണാതീതമായ വേഗത്തിലുള്ള കറക്കം യാത്രക്കാരന്റെ ജീവനു ഭീഷണി തന്നെയാണ്. ഒരു വാട്ടര്‍ ബോട്ടില്‍ പോലും വെടിയുണ്ടയേക്കാള്‍ ആപത്താമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇനി തിരികെ വരുന്നതിനിടെ ഭ്രമണപഥത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശയാനം അതേ വേഗത്തില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് ഘര്‍ഷണം മൂലമുള്ള അത്യുഗ്രന്‍ തീപിടിത്തത്തിന് കാരണമാകുകയും വാഹനം തന്നെ കത്തിച്ചാമ്പലാകുകയും ചെയ്‌തേക്കാം. അന്തരീക്ഷത്തിലൂടെയുള്ള സഞ്ചാരത്തിനിടെ താപം വര്‍ധിക്കുകയും വാഹനത്തിനു ചുറ്റുമുള്ള വാതകങ്ങള്‍ പ്ലാസ്മ രൂപത്തിലായി മാറുകയും ചെയ്യും.
ഈ സമയം വാഹനത്തിന് താപത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തീപിടിത്തം സംഭവിക്കാം. ഭൗമോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ വാഹനത്തിന്റെ വേഗം ക്രമാതീതമായി കുറഞ്ഞില്ലെങ്കിലും അപകടം സംഭവിക്കും. വേഗം കുറയ്ക്കുന്നതിനായി തുറക്കപ്പെടുന്ന പാരച്യൂട്ടുകള്‍ പ്രവര്‍ത്തിക്കാതിരുന്നാലും അപകടമുണ്ടാകും.
സ്‌പേസ് സ്യൂട്ട്
ബഹിരാകാശ സഞ്ചാരികള്‍ ഉപയോഗിക്കുന്ന പ്രതിരോധ വസ്ത്രമാണ് സ്‌പേസ് സ്യൂട്ട്. സഞ്ചാരികള്‍ക്കാവശ്യമായ പരിതസ്ഥിതി സ്യൂട്ടിനുള്ളില്‍ ഉണ്ടായിരിക്കും. ഇന്‍ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി, എക്‌സ്ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി, ഇന്‍ട്രാ എക്‌സ്ട്രാ വെഹിക്കുലര്‍ ആക്റ്റിവിറ്റി തുടങ്ങിയ മൂന്ന് തരത്തിലുള്ള സ്‌പേസ് സ്യൂട്ടുകള്‍ സഞ്ചാരികള്‍ ഉപയോഗിക്കാറുണ്ട്. ഹാര്‍ഡ് ഷെല്ലുകളും ഫാബ്രിക് പാര്‍ട്ടുകളുമടങ്ങിയ എക്‌സ്ട്രാ വെഹിക്യുലാര്‍ മൊബൈലിറ്റി യൂണിറ്റ് എന്നാണ് ഇന്ന് ഉപയോഗിക്കുന്ന ഹൈബ്രിഡ് സ്യൂട്ടുകള്‍ക്കു പേര്. 1950 കളില്‍ ആണ് ഇവ രംഗപ്രവേശനം ചെയ്യുന്നത്. ഇന്നത്തെ സ്‌പേസ് സ്യൂട്ടുകള്‍ക്കു നൂറു കോടിയോളം രൂപ ചെലവ് വരുന്നുണ്ട്.
ഓക്‌സിജനെ സ്വീകരിക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ നീക്കം ചെയ്യുന്നതിനും സ്യൂട്ടില്‍ സൗകര്യമുണ്ടാകും.
ചൂടില്‍നിന്നും തണുപ്പില്‍നിന്നും സംരക്ഷണം നല്‍കുന്നതോടൊപ്പം റേഡിയേഷനില്‍നിന്നും ഇവ യാത്രക്കാരനെ സുരക്ഷിതനാക്കുന്നു. ആദ്യകാലത്ത് ബഹിരാകാശ യാത്രയിലുടനീളം സ്‌പേസ് സ്യൂട്ട് ധരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ബഹിരാകാശ വാഹനത്തില്‍നിന്നു പുറത്തുപോകുമ്പോള്‍ മാത്രമേ സ്യൂട്ട് ധരിക്കേണ്ടതുള്ളൂ. അതു പോലെ ആദ്യ കാലത്ത് സ്യൂട്ടിന്റെ കൂടെ ഓക്‌സിജന്‍ കൊണ്ടുനടക്കണമായിരുന്നു. ഇന്ന് പോര്‍ട്ടബിള്‍ രൂപത്തിലേക്ക് ഇവ മാറ്റിയിട്ടുണ്ട്.
ഡെന്നിസ് ടിറ്റോയുടെ യാത്ര വന്‍ വിജയമായതോടെ ബഹിരാകാശ ടൂറിസത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ടായി. ലോകത്തെ വന്‍കിട കോടീശ്വരന്മാര്‍ സ്‌പേസ് ടൂറിസം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. ആമസോണ്‍ ഉടമ ജെഫ് ബെസോസ് തന്റെ ബ്ലൂ ഒര്‍ജിനല്‍ കമ്പനിയുമായി ബഹിരാകാശ ടൂറിസത്തിന്റെ പഠിപ്പുരയിലാണ്. അടുത്ത വര്‍ഷത്തോടെ ബഹിരാകാശ ടൂറിസ്റ്റ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. മറ്റൊരു കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ കാലക്ടികും വ്യവസായ വിപ്ലവം സൃഷ്ടിച്ചു തുടങ്ങി. ഒരു ദശകത്തിനു മുന്‍പുതന്നെ സ്‌പേസ് ടിക്കറ്റ് വിറ്റവരാണ് ബ്രാന്‍സന്റെ കമ്പനി. ബഹിരാകാശത്തേക്കു പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയടക്കം ഇതിനകം എഴുന്നൂറോളം പേര്‍ ബ്രാന്‍സന്റെ വിര്‍ജന്‍ കാലക്ടില്‍ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ്.
അബൂദാബിയിലെ ആബര്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ സംയുക്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ബഹിരാകാശ അതിര്‍ത്തി വരെ (ഭൂമിയില്‍ നിന്നും 3,28,000 അടി ഉയരം) കമ്പനി ഇതിനകം പരീക്ഷണ പറക്കലും നടത്തിയിട്ടുണ്ട്. നാസയുടെ സഹായത്തോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയും ബഹിരാകാശ ടൂറിസം സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി നാസയുമായി കമ്പനി കരാറും ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വരുന്ന വിര്‍ജിന്‍ ഗ്രൂപ്പിലേക്ക് 100 കോടി ഡോളര്‍ മുടക്കി കടന്നുവന്ന സഊദി അറേബ്യയാണ് ഇതില്‍ ഒടുവിലത്തെ കണ്ണി. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി ഇതിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് സഊദി ഭരണകാര്യാലയം അറിയിച്ചിട്ടുണ്ട്.
ബഹിരാകാശ ടൂറിസം
ബഹിരാകാശ ടൂറിസം പല രാജ്യങ്ങളും ഇതിനകം ലക്ഷ്യമിട്ടു കഴിഞ്ഞു. ബഹിരാകാശത്തേക്കു വിനോദസഞ്ചാരികളെ എത്തിച്ച് കോടികള്‍ കൊയ്യാമെന്ന വാണിജ്യ തല്‍പരതയാണ് ഇതിനു പിന്നില്‍. എന്നാല്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലോ കഥകളിലോ അവതരിപ്പിക്കുന്നത്ര എളുപ്പമല്ല ബഹിരാകാശ സഞ്ചാരം. ബഹിരാകാശ സഞ്ചാരത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാത്ത കാലത്ത് സാഹസിക യാത്രതന്നെയായിരുന്നു യൂറി ഗറാറിനെ പോലെയുള്ള ഗഗനചാരികള്‍ നടത്തിയിരുന്നത്. തങ്ങളുടെ ജീവന്‍ എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന് യാതൊരു ബോധ്യവുമില്ലാതെയാണ് അന്നത്തെ സഞ്ചാരികള്‍ ബഹിരാകാശത്തിന്റെ അതിര്‍ത്തികള്‍ താണ്ടിയത്.
എന്നാല്‍ ശാസ്ത്രം ഇന്ന് ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. നവീനമായ സാങ്കേതിക വിദ്യകളും സ്വായത്തമാക്കി. എന്നിട്ടും ബഹിരാകാശത്തേക്കുള്ള വിനോദയാത്ര ഇന്നും സ്വപ്നം തന്നെയാണ്. എങ്കിലും പല രാജ്യാന്തര കമ്പനികളും ബഹിരാകാശസഞ്ചാരം എളുപ്പമാക്കാനുള്ള പല നൂതനവിദ്യകളും ഈ രംഗത്തു പരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.
വിജയത്തിന്റെ വക്കോളമെത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ബഹിരാകാശത്തേക്കെത്തിക്കാമെന്നു വാഗ്ദാനം പല കമ്പനികളും സഞ്ചാരികള്‍ക്കു നല്‍കിക്കഴിഞ്ഞു.
ബഹിരാകാശ
ടൂറിസത്തിന്റെ പിറവി
കോണ്‍സ്റ്റന്റിന്‍ സിയോക്കാവ്‌സ്‌കി എന്ന റഷ്യന്‍ ഗണിതാധ്യാപകനാണ് ബഹിരാകാശയാത്രയുടെ പിതാവായി അറിയപ്പെടുന്നത്. എക്‌സ്‌പ്ലോറേഷന്‍ ഓഫ് ഔട്ടര്‍ സ്‌പേസ് ബൈ മീന്‍സ് ഓഫ് റോക്കറ്റ് ഡിവൈസ് (റോക്കറ്റ് ഉപയോഗിച്ചുള്ള ഗ്രഹാന്തര ബഹിരാകാശ പര്യവേക്ഷണം) എന്നത് അദ്ദേഹത്തിന്റെ പ്രബന്ധമാണ്. ഇതിലൂടെ അദ്ദേഹം തിരി കൊളുത്തി വിട്ട ബഹിരാകാശ സ്വപ്നങ്ങളാണ് പിന്നീട് അനേകം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇന്നു കാണുന്ന ബഹിരാകാശയാത്രയായി തീര്‍ന്നത്.
ആദ്യ കാലത്ത് പഠനങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ബഹിരാകാശത്തേക്ക് സഞ്ചാരം നടത്തിയിരുന്നത്. എന്നാല്‍ സിയോക്കാവ്‌സ്‌കിയുടെ നാട്ടുകാര്‍ തന്നെ ആ ധാരണ തിരുത്തി എഴുതി. റഷ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശ ടൂറിസത്തിന് തുടക്കമിടുന്നത്. ബഹിരാകാശ നിലയമായ മിറിന്റെ അറ്റകുറ്റപണികള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബഹിരാകാശം മികച്ചൊരു ടൂറിസ്റ്റ് സ്‌പേസ് ആയത്.
ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് ഡെന്നിസ് ടിറ്റോ എന്ന അമേരിക്കന്‍ വ്യവസായി ആണ്. 2001 ഏപ്രില്‍ 30 മുതല്‍ മേയ് ആറ് വരെയാണ് ടിറ്റോ വിനോദയാത്രക്കാരനായി ബഹിരാകാശ നിലയത്തില്‍ താമസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."