പകര്‍ച്ചപ്പനി: നഷ്ടപരിഹാരം പരിഗണനയിലില്ലെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി കെ.കെ ശൈലജ.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം പനിയും പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും നേരത്തേതന്നെ ആരംഭിച്ചിരുന്നു. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാ,സംസ്ഥാനതല വിദഗ്ധ സമിതികള്‍ സന്ദര്‍ശിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിച്ചു.
ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ഹെല്‍ത്തി കേരള കാംപയിനില്‍ 2,93,580 വീടുകളിലും 17,431 സ്ഥാപനങ്ങളിലും 6,818 തോട്ടങ്ങളിലും 3,232 നിര്‍മാണസ്ഥലങ്ങളിലും 5,562 ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും പരിശോധ നടത്തി.
വീഴ്ചവരുത്തിയ 1,600 വീട്ടുകാര്‍ക്കും 1,167 സ്ഥാപനങ്ങള്‍ക്കും 349 തോട്ടം ഉടമകള്‍ക്കും 113 കെട്ടിടനിര്‍മാണ യൂനിറ്റുകള്‍ക്കും 407 ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
ജനുവരി മുതല്‍ ഈ മാസംവരെ സംസ്ഥാനത്ത് 24 ഡെങ്കിപ്പനി മരണങ്ങളും 11 എലിപ്പനി മരണങ്ങളും 71 എച്ച്1 എന്‍1 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സി. മമ്മൂട്ടി, കെ.എം ഷാജി, ടി. എ അഹമ്മദ് കബീര്‍, ആബിദ് ഹുസൈന് തങ്ങള്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."