ത്രിപുരയിലും കൂറുമാറ്റം; ആറ് തൃണമൂല്‍ അംഗങ്ങള്‍ ബി.ജെ.പിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാതെ ബി.ജെ.പി പ്രതിപക്ഷമായി
അഗര്‍ത്തല: ഇടതുപാര്‍ട്ടികളുടെ ഉറച്ച കോട്ടയായ ത്രിപുരയിലും രാഷ്ട്രീയ ധാര്‍മികതയില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പിയുടെ കടന്നുകയറ്റം. സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ശേഷിയില്ലാതിരുന്ന ബി.ജെ.പിക്ക് ഒറ്റയടിക്കാണ് ആറ് അംഗങ്ങളെ ലഭിച്ചത്. ഇതോടെ നിയമസഭയില്‍ ബി.ജെ.പി മുഖ്യപ്രതിപക്ഷമായി മാറി.
സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്‌ഹോള്‍, ബിശ്വ ബിന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് എം.എല്‍.എമാര്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയിരുന്നത്. ഇവിടെ നിന്നാണ് ഇവര്‍ ബി.ജെ.പിയിലേക്ക് ചുവടുമാറ്റം നടത്തിയത്. പാര്‍ട്ടി നിര്‍ദേശം മറികടന്ന് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാം നാഥ് കോവിന്ദിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് മമതാ ബാനര്‍ജി, ആറ് അംഗങ്ങളെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് നേതാവായ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങള്‍ ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി യില്‍ ചേര്‍ന്നത് . അസം ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ, ത്രിപുരയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് സുനില്‍ ദിയോധാര്‍, സംസ്ഥാന പ്രസിഡന്റ് ബിപ്്‌ലാബ് ദേവ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അടുത്ത വര്‍ഷം ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിക്ക് അധ്വാനിക്കാതെ ആറ് അംഗങ്ങളെ ലഭിച്ചത്.
ഇതിനിടയില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ രത്തന്‍ ലാന്‍ നാഥും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അദ്ദേഹവും പാര്‍ട്ടി നിര്‍ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തിരുന്നത്.
ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സംയുക്തമായി തെരഞ്ഞെടുപ്പിനെ നേരിട്ടതില്‍ പ്രതിഷേധിച്ചാണ് ത്രിപുരയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നത്. ഇവരാണ് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."