മതില്‍ കെട്ടുന്ന നവോത്ഥാനം
അനൂപ് വി.ആര്‍
9745560783#
'നവോത്ഥാനം' എന്ന പരികല്‍പ്പനയെക്കുറിച്ച് നിരവധിയായ വിലയിരുത്തലുകള്‍, വിമര്‍ശനങ്ങള്‍ വിപുലമായ രീതിയില്‍ അക്കാദമികവും അല്ലാത്തതുമായി ആഗോള വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന്, അത് ഒരു സമൂഹത്തെ അതിന്റെ സ്വാഭാവികതയില്‍ അപരിഷ്‌കൃതമായി കാണുന്നു എന്നതും അവര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആ ജനങ്ങളെ പരിഷ്‌കരിച്ചെടുക്കാന്‍ പരിശ്രമിക്കുന്നു എന്നുള്ളതുമാണ്. അത്തരം പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന മാതൃക, ആഗോളതലത്തില്‍ വെളുത്ത യൂറോപ്യന്‍ മനുഷ്യനാണെങ്കില്‍, ഇന്ത്യയിലെത്തുമ്പോള്‍ അത് സവര്‍ണ നാഗരിക പുരുഷനാണ്.
അതിനു പുറത്തുനില്‍ക്കുന്ന എല്ലാ സമുദായങ്ങളും അവയുടെ വ്യവഹാരങ്ങളും അതിനാല്‍തന്നെ അപരിഷ്‌കൃതവും അവര്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകയിലേക്ക് നിര്‍ബന്ധപൂര്‍വം പരിണമിക്കേണ്ടതുമാണെന്നാണ് 'നവോത്ഥാന'ത്തിന്റെ പ്രബോധകര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്. 'നവോത്ഥാനം' പ്രക്ഷേപിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ വേണം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന നവോത്ഥാന പരിശ്രമങ്ങള്‍ വിലയിരുത്താന്‍. 'നവോത്ഥാനം' നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്ന് മുസ്്‌ലിം ക്രിസ്ത്യന്‍ സംഘടനകള്‍ ഒഴിവാക്കപ്പെടുന്നതിന്റെ സാംഗത്യവും അതൊരുതരം എക്‌സ്‌ക്ലൂസീവ് 'നവോത്ഥാനം' ആണെങ്കില്‍ അതിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിന്റെ ഔചിത്യവും ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.
അതിന്റെയൊക്കെ അപ്പുറത്ത് 'നവോത്ഥാനം' കൊണ്ടുണ്ടായ അനന്തരഫലം, മുന്‍കാലങ്ങളില്‍ മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിച്ചവരെ അതിന്റെ നായകസ്ഥാനത്ത് കൊണ്ടുവന്നു എന്നുള്ളതാണ്. അങ്ങനെ വെറുക്കപ്പെടേണ്ടവര്‍ക്ക് സാമൂഹികവും സാംസ്‌കാരികവുമായ മാന്യത നല്‍കുന്ന സര്‍ക്കാര്‍ സംരംഭമായി ഫലത്തില്‍ 'നവോത്ഥാനം' മാറിക്കഴിഞ്ഞു. അതിനാല്‍തന്നെ ആ 'നവോത്ഥാന'ത്തോടും അതിന്റെ ഭാഗമായുള്ള വനിതാ മതിലിനോടും മുസ്‌ലിം സംഘടനകള്‍ ഉള്‍പെടെയുള്ളവര്‍ക്കു വിയോജിപ്പ് തികച്ചും സ്വാഭാവികമാണ്. എന്നാല്‍ സാമുദായികവും വിശ്വാസപരവുമായ ആ വിയോജിപ്പ് തുറന്നുപറഞ്ഞ സമസ്തയുടെ അധ്യക്ഷന്‍ സമാദരണീയനായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പോലും അതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
അദ്ദേഹത്തെപ്പോലെ ബഹുമാന്യനായ ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളേണ്ടതിനു പകരം അങ്ങേയറ്റം വ്യക്തിപരമായും വംശീയമായും ആക്രമിക്കപ്പെടുന്നു എന്നുള്ളതു തന്നെയാണ് അടിയന്തരമായ പരിശോധന അര്‍ഹിക്കുന്നത്. ആ ആക്രമണം വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിനെതിരേ മാത്രമുള്ളതല്ല, മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയോടുമുള്ളതാണ്. സൂക്ഷ്മമായി പറഞ്ഞാല്‍ സ്വത്വത്തിനു നേരെ തന്നെയാണ്.
മുസ്‌ലിം മതപണ്ഡിതരെ മൊത്തത്തില്‍ പിന്തിരിപ്പന്മാരും പരിഹസിക്കപ്പെടേണ്ടവരുമാക്കുന്ന ആസൂത്രിത പ്രചാരണത്തിന്റെ വിത്തുകള്‍ ആദ്യമായി കേരളീയ പൊതുമണ്ഡലത്തില്‍ വിതയ്ക്കപ്പെടുന്നത് പഴയ ശരീഅത്ത് വിവാദ കാലത്താണ്. അതിനെക്കുറിച്ച്, അന്ന് ഒരു സമുദായം ഒന്നടങ്കം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടതിനെക്കുറിച്ച് ആ പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരടക്കം പിന്നീട് പുനര്‍വിചിന്തനം നടത്തിയിട്ടുണ്ട്.
അന്നു നടത്തിയ ആ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയാണ്, ഈയടുത്ത് നടത്തപ്പെട്ട പ്രാകൃത മത പരാമര്‍ശവും ഫ്‌ളാഷ് മോബ് പ്രചാരണങ്ങളും വരെ. ഇപ്പോള്‍ സ്ത്രീ വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്നവര്‍ തന്നെയാണ് ആര്‍.എസ്.എസിന്റെ ഘര്‍വാപ്പസി സെന്ററില്‍ അറുപതിലധികം സ്ത്രീകള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ നിശബ്ദരായിരുന്നത്. അവര്‍ തന്നെയാണ് ഇപ്പോള്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങളെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതും.
അതിനാല്‍തന്നെ ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് നല്‍കേണ്ട പിന്തുണ വ്യക്തിപരമായി പരിമിതപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് ആക്രമിക്കപ്പെടുന്ന, അധിക്ഷേപിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സമുദായ സ്വത്വത്തിനു കൂടി നല്‍കപ്പെടേണ്ടതാണ്. ഒരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തെ അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ചിത്രലേഖ എന്ന ദലിത് സ്ത്രീക്ക് പാര്‍ട്ടി വിലക്കിന്റെ പേരില്‍ കുടിവെള്ളം പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥ കാണാതെ പോകുന്നതും.
തീര്‍ച്ചയായും ഇത്തരം ഇരട്ടത്താപ്പുകളുടെ 'നവോത്ഥാനം' അതിന്റെ അസ്ഥിയില്‍ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ, ആ മതില്‍ ആളുകളെ വിഭജിക്കുന്നത് തന്നെയാണ്. അതിനാല്‍ തന്നെ അത് ആ അര്‍ഥത്തില്‍ തകരേണ്ടതു തന്നെയാണ്. ആത്യന്തികമായി മുസ്‌ലിംകള്‍ ഉള്‍പെടെയുള്ള സമുദായങ്ങളെ അപരവല്‍കരിക്കാന്‍ ശ്രമിക്കുന്ന അത്തരം വ്യാജ പുരോഗമന പ്രചാരണങ്ങളെ തുറന്നുകാട്ടുന്ന പ്രതി പ്രചാരണങ്ങള്‍ തന്നെയാണ് അനിവാര്യമായിട്ടുള്ളത്. അതിന്റെ പ്രതിനിധാനമായി തന്നെയായിരിക്കണം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരായി സൈബര്‍ സ്‌പേസില്‍ അടക്കം ഉയര്‍ന്നുവന്നിട്ടുള്ള വ്യക്തിപരമായ കടന്നാക്രമണങ്ങളെ നമ്മള്‍ കാണേണ്ടതും അതിനെതിരായി ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടതും.
(ലേഖകന്‍ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍
സ്റ്റേറ്റ് ഇന്‍ ചാര്‍ജ് ആണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."