ഉയരുന്നത് ആരുടെ മതില്‍?
നവോത്ഥാന പുനഃസ്ഥാപനാര്‍ഥം ജനുവരി ഒന്നിനു നടത്തുന്ന വനിതാമതില്‍ സര്‍ക്കാരിന്റേതല്ല എന്ന് ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുകയാണ്. പിന്നെ ആരുടെ മതിലാണ് ഉയരാന്‍ പോകുന്നത്? ധനകാര്യ വകുപ്പിനോട് ഫണ്ട് അനുവദിക്കാന്‍ പറയുക, പിന്നീടത് തിരുത്തി വകുപ്പുകളുടെ നീക്കിയിരുപ്പില്‍നിന്ന് കണ്ടെത്തുക, വനിതാ വികസന ബോര്‍ഡ് ഡയരക്ടര്‍ ചെലവാക്കുക, ജില്ലകളില്‍ കലക്ടര്‍ യോഗം വിളിക്കുക, ആര്‍.ഡി.ഒ യോഗം വിളിക്കുക, മേയര്‍മാര്‍ യോഗം വിളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം സര്‍ക്കാരില്‍ നിന്നാണല്ലൊ വരുന്നത്. പോരാത്തതിന് സെക്രട്ടേറിയറ്റില്‍ വനിതാമതിലിനായി ഒരു ഓഫിസും തുറന്നിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാര്‍ കാര്‍മികത്വത്തിലല്ല വനിതാമതിലെന്ന്. ആരു വിശ്വസിക്കും ഈ വര്‍ത്തമാനം? സര്‍ക്കാരിന്റേതാണെങ്കില്‍ അതു ചങ്കൂറ്റത്തോടെ പറയാന്‍ എന്തിനു മടിക്കണം?
ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ നടത്തുന്ന വനിതാമതിലിന്റെ ജാള്യം തീര്‍ക്കാനാണോ ഈ ഉരുണ്ടുകളി? വനിതാ മതില്‍ നിര്‍മിതി ഇടതുമുന്നണിക്ക് നല്‍കാമായിരുന്നു. നേരത്തെതന്നെ പല മതിലുകളും ഒരുക്കി പരിചയം സിദ്ധിച്ചവരാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍. പണം പിരിക്കുന്നതില്‍ ആക്ഷേപവും ഉണ്ടാകുമായിരുന്നില്ല. അതെല്ലാം ഒഴിവാക്കി സര്‍ക്കാര്‍ പദ്ധതിയല്ലെന്ന് പുറമേക്ക് പറയുകയും സര്‍ക്കാര്‍ സംവിധാനം വനിതാമതിലിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതില്‍നിന്ന് തന്നെ ഇതൊരു സുതാര്യ പരിപാടിയല്ലെന്നു വ്യക്തമാണ്.
ശബരിമലയില്‍ യുവതികളെ തടഞ്ഞ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പടരുന്നുവെന്നാശങ്കപ്പെടുന്ന വര്‍ഗീയതയ്‌ക്കെതിരേയാണ് വനിതാമതിലെങ്കില്‍ നവോത്ഥാനത്തിനെ ഇതിലേക്കു വലിച്ചിഴക്കേണ്ടതുണ്ടായിരുന്നോ? ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരേ കേരളത്തില്‍ നടന്ന ഐതിഹാസികമായ സമരത്തിന്റെ ഓര്‍മ ഏതാനും വനിതകളെ ലോറിയില്‍ കൊണ്ടുവന്നിറക്കി ചെറുതാക്കരുതായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെയാണ് മതിലെങ്കില്‍ അതിന്റെ സംഘാടനത്തില്‍ അത് പ്രതിഫലിക്കേണ്ടതായിരുന്നു.
കേരളീയ ജനതയില്‍ നവോത്ഥാനം സംഭവിച്ചത് വിവിധ ജാതിമതസ്ഥര്‍ ഒറ്റക്കെട്ടായി നിന്ന് തൊട്ടുകൂടായ്മക്കും തീണ്ടലിനുമെതിരേ സമരം ചെയ്തതിനാലാണ്. അതില്‍ വനിതകര്‍ മാത്രമായിരുന്നില്ല പങ്കെടുത്തത്. ഹൈന്ദവരും മാത്രമായിരുന്നില്ല. ഹൈന്ദവ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഒരു മതിലിനെ വര്‍ഗീയ മതില്‍ എന്ന് നിയമസഭയില്‍ ഡോ. എം.കെ മുനീര്‍ വിശേഷിപ്പിച്ചതില്‍ എന്തത്ഭുതമാണുള്ളത്? ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആ പദപ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നു.
വര്‍ഗീയത കേരളത്തില്‍ രൂക്ഷമാകുന്നുണ്ടെങ്കില്‍ നേരത്തെ നടന്ന നവോത്ഥാന പ്രസ്ഥാന മാതൃകയില്‍തന്നെ വേണ്ടിയിരുന്നില്ലേ അതിന്റെ സംഘാടനവും. ജാതീയതയ്‌ക്കെതിരേ, വര്‍ഗീയതക്കെതിരേ ജന്മംകൊണ്ട ഒരു പ്രസ്ഥാനം ജാതീയമായി വനിതകളെ സംഘടിപ്പിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തിരിക്കുന്നത് സി.പി.എമ്മിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ തന്നെയാണ്.
വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ചല്ല വര്‍ഗീയതയ്‌ക്കെതിരേ പോരാട്ടം നടത്തേണ്ടതെന്നും ജാതീയ സംഘടനകളെ കൂട്ടുപിടിച്ചുകൊണ്ടുള്ള നവോത്ഥാന മുന്നേറ്റം അസാധ്യമാണെന്നും കാണിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ വി.എസ് പരാതി നല്‍കുമ്പോള്‍ അത്ര നിഷ്‌കളങ്കമല്ല സര്‍ക്കാരിന്റെ നിലപാട് എന്നല്ലേ വ്യക്തമാകുന്നത്? സ്ത്രീകള്‍ മാത്രം സമരം ചെയ്ത് നേടിയതല്ല ജാതീയ വിവേചനത്തിനെതിരെയുള്ള വിജയം. കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാപ്രവര്‍ത്തകരെയും തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളെയും ലോറിയില്‍ കുത്തിനിറച്ച് റോഡരികില്‍ വരിവരിയായി നിര്‍ത്തിയാല്‍ സംഭവിക്കുന്നതാണോ പുതിയ കാലത്തെ നവോത്ഥാനം?
സംസ്ഥാനം പ്രളയത്തിന്റെ കെടുതി ഇപ്പോഴും അനുഭവിച്ചുതീര്‍ക്കുകയാണ്. ദുരിത പ്രളയത്തിലാണിപ്പോള്‍ പ്രളയബാധിതരില്‍ പലരും. സര്‍ക്കാര്‍ അവര്‍ക്കു വാഗ്ദാനം ചെയ്ത 10,000 രൂപ പലര്‍ക്കും ഇപ്പോഴും കിട്ടിയിട്ടില്ല എന്നാണ് അറിയുന്നത്. കടത്തിണ്ണകളിലും അന്യരുടെ വീട്ടുകോലായകളിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ കണ്ണീരിന്റെ ന നവില്‍ ചവിട്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു ധൂര്‍ത്ത് മാമാങ്കം നടത്തുന്നത്. ഒരു ഘട്ടത്തില്‍ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ സി.പി.എം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നയത്തിനു വിരുദ്ധമായി സാമുദായിക സംഘടനകളുടെ തണലില്‍ നടത്തുന്ന വനിതാമതിലിന് എന്തു പ്രസക്തിയാണുള്ളത്? കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വര്‍ഗീയത പരത്തുന്നുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ഒരുപറ്റം വനിതകള്‍ മാത്രം മതിയോ?
സി.പി.എമ്മിന്റെ സംസ്ഥാപനത്തില്‍ നിര്‍ണായക പങ്കു വഹിച്ച വി.എസിനെപ്പോലും വനിതാമതിലിന്റെ സാംഗത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഇടതുമുന്നണി സര്‍ക്കാര്‍ ഇനി ആരെ ബോധ്യപ്പെടുത്താനാണ് ജനുവരി ഒന്നിനു വനിതാമതില്‍ എന്ന പൊറാട്ട് നാടകത്തിന് അരങ്ങേറ്റം കുറിക്കുന്നത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."