ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷപദവി നഷ്ടമായേക്കും
ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു നേരെയുള്ള നീക്കത്തിനുപിന്നാലെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ ന്യൂനപക്ഷ പദവിയും എടുത്തുകളയാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജാമിഅയുടെ ന്യൂനപക്ഷപദവിയെ അനുകൂലിക്കുന്ന വിധത്തില്‍ ഡല്‍ഹി ഹൈക്കോടതി മുമ്പാകെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പഴയ സത്യവാങ്മൂലം ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിക്കും.
ജാമിഅ ഒരു ന്യൂനപക്ഷ സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വിദ്യാഭ്യാസ സ്ഥാപന വിജ്ഞാപനത്തെ (എന്‍.സി.എം.ഇ.ഐ) പിന്തുണച്ചത് തെറ്റായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും. പാര്‍ലമെന്റ് മുഖേന കൊണ്ടുവന്ന പ്രത്യേക നിയമനിര്‍മാണം വഴി കേന്ദ്രസര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചതെന്നും മറിച്ച് മുസ്‌ലിംകളല്ലെന്നും അതിനാല്‍ ന്യൂനപക്ഷപദവിക്കു ജാമിഅ അര്‍ഹമല്ലെന്നും കേന്ദ്രനിയമമന്ത്രാലയം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം.
യു.പി.എ കാലത്ത് കപില്‍സിബല്‍ മാനവവിഭവശേഷിമന്ത്രിയായിരിക്കെ നല്‍കിയ ഹരജിയാണ് ജാമിഅ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുമ്പാകെയുള്ള സത്യവാങ്മൂലം. 2011ലെ എന്‍.സി.എം.ഇ.ഐ ഉത്തരവ് പാലിക്കണമെന്ന് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വതന്ത്രസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്‌കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് മുസ്്‌ലിം സ്വതന്ത്രസമരസേനാനികളും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് അലിഗഡില്‍ 1920ലാണ് ജാമിഅ മില്ലിയ്യ സ്ഥാപിച്ചതെന്നാണ് ജാമിഅ ആക്ട് 2(0)ല്‍ പറയുന്നത്. പിന്നീട് സ്ഥാപനം ഡല്‍ഹിയിലേക്കു മാറ്റി.
1988ല്‍ സ്ഥാപനത്തിനു കേന്ദ്ര സര്‍വകലാശാല പദവിയും ലഭിച്ചു. അതിനാല്‍ സ്ഥാപനത്തിന്റെ ന്യൂനപക്ഷപദവി പാര്‍ലമെന്റ് നിയമത്താല്‍ സംരക്ഷിതമാണെന്നും യു.പി.എ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കെ അലിഗഡ് മുസ്്‌ലിം സര്‍വകലാശാല ന്യൂനപക്ഷപദവിയുള്ള സ്ഥാപനമല്ലെന്ന് അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ രോഹ്തഗി നിയമോപദേശം നല്‍കിയിരുന്നു. ഈ നിലപാട് സുപ്രിം കോടതി മുന്‍പാകെയുള്ള കേസ് പരിഗണിക്കുന്നതിനിടെ അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
സുപ്രിംകോടതിയുടെ മുമ്പാകെയുള്ള അലിഗഡ് കേസിലെ വിധി ജാമിഅയുടെ ന്യൂനപക്ഷപദവിയെയും ബാധിക്കും.
1875ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് പിന്നീട് 1920ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്രസര്‍വകലാശാല പദവി ലഭിച്ചത്. 1967ല്‍ അസീസ് പാഷ നല്‍കിയ കേസിനെ തുടര്‍ന്നാണ് അലിഗഡിന്റെ നിയമങ്ങളില്‍ കാര്യമായ മാറ്റംവന്നത്.
പാഷയുടെ ഹരജി തള്ളിയ സുപ്രിംകോടതി, സര്‍വകലാശാലയെ ന്യൂനപക്ഷസ്ഥാപനമായി കാണാനാവില്ലെന്നും പാര്‍ലമെന്റാണ് അത് സ്ഥാപിച്ചതെന്നും വ്യക്തമാക്കിയിരുന്നു. പിന്നീട് പലതവണയായി അലിഗഡ് യൂനിവേഴ്‌സിറ്റി ഭരണ നിയമത്തില്‍ ഭേദഗതികള്‍ വന്നു. ഇതിനിടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വിധത്തില്‍ അലിഗഡിന് പാര്‍ലമെന്റ് അനുമതി നല്‍കി. 1967ല്‍ നിയമഭേദഗതിയിലൂടെ അലിഗഡിന്റെ ന്യൂനപക്ഷ സ്വഭാവം പാര്‍ലമെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അസീസ് പാഷ കേസിലെ പഴയ വിധി പിന്‍പറ്റിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നിലപാട് സുപ്രിം കോടതിയില്‍ സ്വീകരിച്ചത്.
2004ല്‍ പി.ജി മെഡിക്കല്‍ സീറ്റുകളില്‍ 50 ശതമാനം മുസ്്‌ലിംകള്‍ക്കായി സര്‍വകലാശാല സംവരണം ചെയ്തിരുന്നെങ്കിലും കേസ് അലഹബാദ് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്ന് മുസ്്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. 2006ല്‍ യു.പി.എ സര്‍ക്കാര്‍ അലിഗഡിനു ന്യൂനപക്ഷപദവി അനുവദിച്ച 1981ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അലഹബാദ് ഹൈക്കോടതി മുമ്പാകെയുള്ള ഈ ഹരജി പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."