പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷന്
കൊച്ചി: സംസ്ഥാനത്ത് 1741 പുതിയ പമ്പുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഓയില്‍ കമ്പനികള്‍ പിന്മാറണമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2021-22 ഓടെ രാജ്യത്തെ നിരത്തുകളില്‍ സര്‍വിസ് നടത്തുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും സി.എന്‍.ജിയും ഇലക്ട്രോണിക് വാഹനങ്ങളുമാക്കാനാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. ആഗോള താപനില 5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കണമെന്ന് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ പമ്പുകളാരംഭിക്കുന്നത് പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു. 2017ലെ ഗ്രീന്‍ ട്രിബൂണല്‍ വിധി കാറ്റില്‍ പറത്തിയാണ് പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 2100 പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 60ശതമാനം പമ്പുകള്‍ 100 കിലോ ലിറ്ററും 20 ശതമാനം പമ്പുകള്‍ 150 കിലോ ലിറ്ററും ഇന്ധനം മാത്രമാണ് വില്‍ക്കുന്നത്. പുതിയ പമ്പുകള്‍ തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ നിയമനടപടികളും പ്രതിഷേധമുറകളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി എം. രാധാകൃഷ്ണന്, കെ.എസ് കോമു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."