ഭിന്നശേഷിക്കാര്‍ക്കുള്ള പരീക്ഷാനുകൂല്യ വ്യവസ്ഥ കര്‍ക്കശമാക്കണം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സഹായിയെ വയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ക്കശമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ദുരുപയോഗം തടയുന്നതിന് ആവശ്യമെങ്കില്‍ ഇതിനായി നിലവിലുള്ള ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് സ്‌ക്രൈബിന്റെയോ ഇന്റര്‍പ്രെട്ടറുടെയോ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതിയുണ്ട്. ഇവര്‍ക്ക് ഹിന്ദി, മലയാളം, ഇംഗ്ലിഷ് തുടങ്ങിയ ഭാഷാവിഷയങ്ങളില്‍ രണ്ടെണ്ണം ഒഴിവാക്കുന്നതിനുള്ള അനുവാദവും മണിക്കൂറിന് 10 മിനുറ്റ് അധികസമയവും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ മറവില്‍ ചില സ്‌കൂളുകള്‍ നൂറു ശതമാനം റിസല്‍ട്ടിനായി പഠന വൈകല്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി പരീക്ഷാനുകൂല്യം നേടുന്നു എന്ന പരാതിയിലാണ് കമ്മിഷന്‍ ഇടപെടല്‍.
പഠനവൈകല്യമുള്ള കുട്ടികളുടെ ബുദ്ധിപരിശോധന എട്ടാം ക്ലാസില്‍ നടത്തി ആവശ്യക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിപരിശോധന കൃത്യമായി നടത്തി മെഡിക്കല്‍ ബോര്‍ഡ് കൂടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണെന്നും കമ്മിഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കൂടാതെ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങിയവരുടെ കൂട്ടായ കണ്ടെത്തലിലൂടെ പൊതുമാനദണ്ഡം നടപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ടതാണെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനു പകരം ആനുകൂല്യങ്ങള്‍ നല്‍കി അവരെ പിന്നോട്ട് തന്നെ തള്ളുന്നുണ്ടോയെന്നു പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് മറ്റ് കുട്ടികളുടെ അവകാശത്തെ ബാധിക്കുമെന്നും കമ്മിഷന്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."