അശോക് ഗെലോട്ടും കമല്‍നാഥും ഭൂപേഷ് ഭാഗലും അധികാരമേറ്റു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഒന്നര പതിറ്റാണ്ട് കാലത്തെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിലെ ജാംബൂരി മൈതാനിയില്‍ ഇന്നലെ ഉച്ചയോടെ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈകുന്നേരം നാലരക്ക് റായ്പൂരിലെ ബല്‍ബീര്‍ സിങ് ജുനേജ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഛത്തിസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തരയോടെ ജയ്പൂരിലെ ചരിത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി, ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, മല്ലികാര്‍ജുന്‍ കാര്‍ഗെ, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് എം.പി ജ്യോതിരാധിത്യ സിന്ധ്യ എന്നിവരും രാജസ്ഥാനിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ ചടങ്ങിനെത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് കമല്‍നാഥ് അറിയിച്ചു.
ഛത്തിസ്ഗഡില്‍ മുഖ്യമന്ത്രിക്ക് പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ടി.എസ് സിങ് ദിയോ, തംറോദ്വാജ് സാഹു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിയിലെ രമണ്‍ സിങ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."