കണ്ണീരിന്‍ കടലിടുക്കില്‍ നീന്തി ഈ പാട്ടുകാരന്‍
പേരാമ്പ്ര: തീരാത്ത ദുഃഖത്തിന്റെ മാറാപ്പുമേന്തി കൊണ്ട് കണ്ണീരിന്‍ കടലിടുക്കില്‍ നീന്തി ഞാന്‍... ശ്രോതാക്കളുടെ മനം കുളിര്‍പ്പിച്ച ഗായകന്‍ കോട്ടക്കല്‍ അബ്ദുറഹിമാന് ഈ വരികള്‍ ഇന്നു സ്വന്തം ജീവിതത്തിന്റെ രേഖാചിത്രം കൂടിയാണ്. 'അലിഫു കൊണ്ട് നാവില്‍ മധു പുരട്ടിയോനേ, മധുവര്‍ണ പൂവല്ലേ, ലങ്കിമറിയുന്നോളെ...' തുടങ്ങിയ അബ്ദുറഹിമാന്‍ നാലുപതിറ്റാണ്ട് മുന്‍പ് ആകാശവാണിയില്‍ ആലപിച്ച് കലാഹൃദയങ്ങളില്‍ പാട്ടുകൊട്ടാരം പണിത മാപ്പിളപ്പാട്ടുകള്‍ ചുണ്ടില്‍ വിരിയാത്തവരില്ല. തനിമയാര്‍ന്ന ഇശലുകളെ ആസ്വാദകരിലെത്തിച്ച അബ്ദുറഹിമാന്‍ വയസ് 62 ലും ഇടറാത്ത ശബ്ദവുമായി ജീവിതപ്പെരുവഴിയില്‍ ഭീമമായ കടബാധ്യതയുടെയും ഗുരുതരമായ രോഗത്തിന്റെയും മാറാപ്പുമേന്തി കണ്ണീര്‍ വാര്‍ക്കുകയാണിപ്പോള്‍. കോഴിക്കോട് ആകാശവാണിയില്‍ 1978 മുതല്‍ താല്‍ക്കാലിക ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ഈ കലാകാരന്‍ വിദേശ രാജ്യങ്ങളിലടക്കം നൂറിലധികം സ്റ്റേജ് പരിപാടികളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലേറെയായി സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ വിധികര്‍ത്താവായും നിലകൊണ്ടു. ഫോക്ക്‌ലോര്‍ അക്കാദമിയില്‍നിന്ന് പ്രതിമാസം ലഭിക്കുന്ന 1500 രൂപയാണ് ഏക വരുമാനം. ഭാര്യാമാതാവിന്റെ ചികിത്സാചെലവ്, മകളുടെ വിവാഹം, വീടുനിര്‍മാണം തുടങ്ങിയവയ്ക്കായി വാങ്ങിയ ഏഴുലക്ഷം രൂപയുടെ കടബാധ്യത ഇപ്പോഴുണ്ട്. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍നിന്ന് ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസിന് വിധേയനാവുന്നതിനുമുള്ള ചെലവും താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് ഈ പാട്ടുകാരന്‍. ഒരുവര്‍ഷത്തിനകം വൃക്ക മാറ്റിവയ്ക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശവുമുണ്ട്. അന്തിയുറങ്ങുന്ന എട്ട് സെന്റ് ഭൂമിയും വീടും ജപ്തി ഭീഷണിയിലാണ്. ജിദ്ദ കൊണ്ടോട്ടി സെന്റര്‍ ഏര്‍പ്പെടുത്തിയ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക പുരസ്‌കാരം, കുഞ്ഞാലിമരക്കാര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പുരസ്‌കാരം, എ.വി മുഹമ്മദ് പുരസ്‌കാരം, ബാബുരാജ് സ്മാരക കാഷ് അവാര്‍ഡ്, പി.ടി അബ്ദുറഹിമാന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ അബ്ദുറഹിമാന്റെ സ്വരരാഗ സുധയിലലിഞ്ഞ മാപ്പിള ശീലുകള്‍ ജനം നെഞ്ചേറ്റിയതിന്റെ സാക്ഷ്യപത്രങ്ങളാണ്. ദീര്‍ഘകാലം ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി. മാപ്പിളകലാ അക്കാദമി പ്രസിഡന്റ്, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നു. 30 വര്‍ഷമായി പേരാമ്പ്ര കടിയങ്ങാടിലാണു താമസം. മാപ്പിളപ്പാട്ടു രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും നിറസാന്നിധ്യമായിരുന്ന അബ്ദുറഹിമാന്റെ ചികിത്സക്കായി ഉദാരമതികള്‍ സഹായിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. കടിയങ്ങാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായസമിതി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മാക്കൂല്‍ മൊയ്തീന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), മൊയ്തു പുതുശ്ശേരി (കണ്‍വീനര്‍), പഴുപ്പട്ട മുഹമ്മദലി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്. കനറാ ബാങ്ക് കൂത്താളി ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. AC NO: 4086101005587. lFsC CODE: CNRB 0004086.
ഫോണ്‍: 8136886680, 9946778934.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."