പറഞ്ഞുതരൂ, ഇനി ഞങ്ങള്‍ എങ്ങനെ ജീവിക്കണം ?
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: 'എന്റെ ജീവിതത്തിന്റെ സിംഹഭാഗവും കെ.എസ്.ആര്‍.ടി.സിക്കൊപ്പമായിരുന്നു. എനിക്കിപ്പോള്‍ 50 വയസായി. 480 രൂപയ്ക്കാണ് ഞങ്ങള്‍ ഇത്രകാലം ജോലിയെടുത്തത്. പിരിച്ചുവിട്ടാല്‍ മറ്റൊരു ജോലിക്കു പോകാനുള്ള ആരോഗ്യ സ്ഥിതിയൊന്നും ഞങ്ങള്‍ക്കില്ല. ആശങ്കയോടെയാണ് ഓരോ വാര്‍ത്തയും കേള്‍ക്കുന്നത്. ഇപ്പോഴും എന്തു ചെയ്യണമെന്നറിയില്ല'-ഹെക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലെ എംപാനല്‍ ജീവനക്കാരന്റെ പ്രതികരണമാണിത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍കൊള്ളുന്ന കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ നിന്ന് 850 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരാണെങ്കിലും ഷെഡ്യൂളുകള്‍ക്കും കലക്ഷനും വേണ്ടി ഓരോ ദിവസവും വിയര്‍പ്പൊഴുക്കി കെ.എസ്.ആര്‍.ടി.സിയുടെ സഹയാത്രികരായി ജീവിച്ചവരാണ് എംപാനല്‍ കണ്ടക്ടര്‍മാര്‍. ഗ്രാമങ്ങളിലെയും ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ളതുമായ രാത്രികാല അവസാന സര്‍വിസായ സ്റ്റേ ഡ്യൂട്ടികള്‍ക്ക് പലപ്പോഴും നിയോഗിക്കുന്നത് ഇവരെയാണ്. അതു കൊണ്ടുതന്നെ സ്ഥിരംയാത്രക്കാര്‍ അവസാന ബസുകളില്‍ ഏറെയുമുണ്ടാകുമെന്നതിനാല്‍ വ്യക്തിബന്ധങ്ങളില്‍ നിന്നുകൂടിയുള്ള വിടപറച്ചിലായിരുന്നു പലര്‍ക്കും ഇന്നലത്തെ അവസാന ഷെഡ്യൂള്‍.
സ്ഥാപനം തിരിച്ചു വിളിക്കുമെന്ന പ്രത്യാശയോടെയാണ് ഇവരില്‍ പലരും പടിയിറങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം അപ്രതീക്ഷിതമായി മുറിച്ചുമാറ്റുന്നതിന്റെ നൊമ്പരം കടിച്ചുപിടിച്ചെങ്കിലും പലരും വിതുമ്പിയാണ് ടിക്കറ്റ് മെഷീനുകള്‍ തിരികെയേല്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി ജീവിതത്തിനു സിംഗിള്‍ ബെല്‍ കൊടുത്തത്.
അതേസമയം എംപാനല്‍ കണ്ടക്ടര്‍മാരെ നിലനിര്‍ത്തി മറ്റുള്ളവരെ നിയമിക്കണമെന്നാണ് തൊഴിലാളി യൂനിയന്റെ ആവശ്യം. ഇതിലും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കണമെന്നും ടി.ഡി.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ടി.കെ നൗഷാദ് അഭിപ്രായപ്പെട്ടു.
ജില്ലയില്‍ പിരിച്ചുവിട്ടത് 97
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ കോഴിക്കോട് ജില്ലയിലെ അഞ്ചു ഡിപ്പോകളില്‍ നിന്നായി പുറത്താക്കപ്പെട്ടത് 97 പേര്‍. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് 16, താമരശ്ശേരി 29, തിരുവമ്പാടി 27, തൊട്ടില്‍പ്പാലം 21, വടകരയില്‍ നിന്ന് നാല് എന്നിങ്ങനെയാണു കണക്ക്.
ജില്ലയില്‍ തൊട്ടില്‍പ്പാലത്തും തിരുവമ്പാടിയിലും സര്‍വിസുകളില്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ തിരുവമ്പാടി ഡിപ്പോയില്‍ ആറു റൂട്ടുകളില്‍ സര്‍വീസ് റദ്ദ് ചെയ്തിരുന്നു. മറ്റു ഡിപ്പോകളിലെ സര്‍വിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നു രാവിലെയോടെ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഡി.ടി.ഒ കെ.പി രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."