അധികാരികളുടെ അലസത; കരിമ്പനത്തോടിലെ മലിനജലത്തിന്റെ ഒഴുക്ക് മണ്ണിട്ട് തടഞ്ഞു
വടകര: കരിമ്പനത്തോടിലേക്ക് മലിനജലത്തിന്റെ ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ തോടിലെ ഒഴുക്ക് മണ്ണിട്ട് തടസപ്പെടുത്തി. ഇതോടെ നാരായണനഗരം ഭാഗത്തെ സ്ഥാപനങ്ങള്‍ മലിനജല ഭീഷണിയിലായി.
ഈ ഭാഗത്തെ കടകളില്‍ നിന്നു പുറന്തള്ളുന്ന മലിനജലം ഓവുചാലിലൂടെ ഒഴുകി കരിമ്പനത്തോടില്‍ എത്തുന്നത് ശക്തമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാത്രമല്ല കരിമ്പനത്തോടില്‍ വലിയ തോതില്‍ കക്കൂസ് മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതും നാട്ടുകാരെ രോഷാകുലരാക്കി.
ഇതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി തോട് സംരക്ഷണസമിതി രംഗത്ത് വന്നത്. നാരായണനഗറിനു സമീപം മൂന്നിടങ്ങളിലായി നാട്ടുകാര്‍ മണ്ണും കല്ലുമിട്ട് തോട് നികത്തിയിരിക്കുകയാണ്. തോടിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാതെ ഇനി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് കരിമ്പനത്തോട് സംരക്ഷണസമിതിയുടെ നിലപാട്. നവംബറില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ കരിമ്പനത്തോടില്‍ ദ്രവമാലിന്യം ഒഴുക്കുന്ന ആറ് സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. ഇത് ഹോട്ടല്‍ സമരത്തിനും ഹര്‍ത്താലിനും ഇടയാക്കി. അന്ന് കരിമ്പനത്തോടില്‍ നിന്നു ശേഖരിച്ച ദ്രവമാലിന്യം സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് കരിമ്പനപ്പാലം നിവാസികള്‍ പ്രകടനമായി വന്ന് തോട് നികത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപവും പുതിയ സ്റ്റാന്‍ഡ് ഭാഗത്തും സഹകരണാശുപത്രിക്ക് സമീപവും ഒഴുക്ക് തടസപ്പെടുത്തിയിരിക്കുകയാണ്.
ദ്രവമാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 15 ദിവസത്തിനകം മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദേശം നഗരസഭ നല്‍കിയിരുന്നു. ഈ വ്യവസ്ഥയിലാണ് പൂട്ടിയ സ്ഥാപനങ്ങള്‍ തുറന്നത്. എന്നാല്‍ ഈ ഉറപ്പ് ഒരു സ്ഥാപനവും പാലിച്ചില്ലെന്ന് തോട് സംരക്ഷണസമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്.ഇതോടെ കരിമ്പനത്തോടിലേക്ക് ഒഴുക്ക് ഒരു പരിധി വരെ കുറഞ്ഞു. ഇതോടൊപ്പം മണ്ണിട്ടതിനു മറുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാനും തുടങ്ങി. ഒഴുക്ക് തുടര്‍ന്നാല്‍ നാരായണനഗരം ഭാഗത്ത് മലിനജലം പൊന്തുകയും അത് കടകളിലേക്ക് കയറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."