അവഗണനക്ക് ചികിത്സതേടി ഒരു ആതുരാലയം
പയ്യോളി: ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തുന്ന മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശാപമോക്ഷം കാത്ത് നാട്ടുകാര്‍. ദേശീയ പാതയില്‍ സൗകര്യപ്രദമായ കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങെളൊക്കെയുണ്ടായിട്ടും തികഞ്ഞ അവഗണനയാണ് ഈ ആശുപത്രിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, തുറയൂര്‍, മണിയൂര്‍ എന്നീ പഞ്ചായത്തുകളിലെ രോഗികള്‍ക്കുള്ള ഏക ആശ്രയമാണ് മേലടി സി.എച്ച്.സി.
പരിമിതികളുണ്ടായിരുന്ന കാലത്ത് കിടത്തി ചികിത്സയും പ്രസവവും നല്ല രീതിയില്‍ തന്നെ നടന്നു പോന്നിരുന്ന സുവര്‍ണ കാലമുണ്ടായിരുന്നു, ഈ ആരോഗ്യ കേന്ദ്രത്തിന്. ഒരു ഡോക്ടറും ഒരു കെട്ടിടവും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വലിയൊരാശുപത്രിയില്‍ ലഭിക്കുന്ന ചികിത്സകളെല്ലാം അന്ന് ഈ കേന്ദ്രത്തിലുണ്ടായിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ലഭിച്ചിരുന്ന സൗകര്യങ്ങളെല്ലാം ഇല്ലാതാവുകയായിരുന്നു.
പ്രസവം നിര്‍ത്തുന്നതിനുള്ള ഓപറേഷനുകളും ഇല്ലാതായി. കെട്ടിടങ്ങളുടെ എണ്ണം ഒന്നില്‍ നിന്നും ആറിലേക്കും പി.എച്ച്.സിയില്‍ നിന്നും സി.എച്ച്.സിയിലേക്കുമുയര്‍ന്നതോടെ ലഭ്യമായിരുന്ന ചികിത്സകളെല്ലാം നിലച്ചു. കിടത്തി ചികിത്സയും പ്രസവവും മുടങ്ങി. പൂട്ടിയിട്ട ഓപറേഷന്‍ തിയറ്ററും തുരുമ്പ് പിടിച്ച ഉപകരണങ്ങളുമൊക്കെ ഏതൊരാളേയും പ്രയാസപ്പെടുത്തും. ഡോക്ടര്‍മാര്‍ക്ക് താമസിക്കാനുള്ള വിശാലമായ ക്വാട്ടേഴ്‌സുകളൊക്കെയും തകര്‍ച്ചയിലാണ്.
ഇപ്പോള്‍ രണ്ട് വനിതകളടക്കം നാല് ഡോക്ടര്‍മാരാണുള്ളത്. ഇതിലൊരാള്‍ പ്രസവാവധിയിലാണ്. മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുന്നത്. ആകെ 33 ജീവനക്കാരില്‍ അഞ്ച് സ്റ്റാഫ് നഴ്‌സുമാരാണുണ്ടായിരുന്നത്. രണ്ടു പേരെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്ഥലം മാറ്റി. ജെ.പി.എച്ച്.എന്‍ ഗ്രേഡ് 1, എല്‍.എച്ച്.എസ് തസ്തികളിലായി ഓരോ ഒഴിവുകളുണ്ട്. സി.എച്ച്.സിയായി ഉയര്‍ത്തിയെങ്കിലും ഉത്തരവ് കടലാസില്‍ മാത്രമായൊതുങ്ങി. സ്റ്റാഫ് പാറ്റേണ്‍ ഇപ്പോഴും പി.എച്ച്.സിയുടേതാണെന്നതാണ് യാഥാര്‍ഥ്യം.വൃദ്ധ ജനങ്ങളെ താമസിപ്പിക്കുന്നതിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ജെറിയാട്രിക്ക് വാര്‍ഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയിരത്തോളം രോഗികള്‍ ഒ.പിയിലെത്തുന്നുണ്ടെങ്കിലും കുടിവെള്ളത്തിനുള്ള സൗകര്യം പോലും ഇവിടെയില്ല. രണ്ട് കിണറുകളിലെ വെള്ളവും മലിനമായ അവസ്ഥയിലാണ്. ഗുളിക കഴിക്കാനുള്ള വെള്ളത്തിന് പോലും അകലെയുള്ള ഹോട്ടലുകളെയാണ് രോഗികള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത്.അതേ സമയം ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് ഒ.പി സമയം വൈകീട്ട് ആറ് വരെ നീട്ടിയത് രോഗികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."