കോടതി വിധിയില്‍ സന്തോഷം; കേരള ടീമില്‍ തിരിച്ചെത്തുക ആദ്യ ലക്ഷ്യം: ശ്രീശാന്ത്
കൊച്ചി: തന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്.
ലോകമെമ്പാടുമുള്ള മലയാളികള്‍ നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ട്. കേരള ടീമിലേക്ക് തിരിച്ചെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. പരുക്കുമൂലം വിട്ടുനിന്ന ശേഷം താന്‍ മികച്ച പ്രകടനവുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. സെലക്ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.സി.എയാണ്.
അത് എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ്. തനിക്ക് 34 വയസേയായിട്ടുള്ളു. ഫിറ്റ്‌നസ് നിലനിര്‍ത്തിയാണ് പോരുന്നത്. ക്ലബിന് വേണ്ടിയും സംസ്ഥാന തലത്തിലും കളിക്കും. എത്രയും വേഗം മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് സെലക്ഷന്‍ പ്രക്രിയയില്‍ എത്തിച്ചേരും. കേരളത്തിന് വേണ്ടിയും തുടര്‍ന്ന് സൗത്ത് സോണിലും കളിക്കും. ചെയ്യാത്ത തെറ്റിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്ക് അടക്കം ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ കോടതി വിധിയില്‍ അഭിമാനമുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. എപ്പോഴും ഒരു ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ലെന്നും ശ്രീശാന്ത് കോടതിവിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ദൈവത്തിനു നന്ദി പറയുന്നതായി ട്വിറ്ററിലൂടെയും ശ്രീശാന്ത് പ്രതികരിച്ചു.
ടീമിലേക്ക് തിരിച്ചുവരാനുള്ള അവകാശം ശ്രീശാന്തിനുണ്ട്: കെ.സി.എ പ്രസിഡന്റ്
കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് കെ.സി.എ പ്രസിഡന്റ്് ബി വിനോദ് കുമാര്‍. ശ്രീശാന്ത് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ വിലക്ക് മാറിയതിനാല്‍ കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശാന്ത് നമ്മുടെ പയ്യനാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ മുന്‍ പ്രസിന്റുമായ ടി.സി മാത്യു പറഞ്ഞു. കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീല്‍ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."