അഴിമതിക്കെതിരേ ആപ്പ് പരാതികള്‍ ഏറെ; കേള്‍ക്കാന്‍ ആളില്ല
മലപ്പുറം: അഴിമതിക്കെതിരേ പ്രതികരിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി സര്‍ക്കാര്‍ രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ പരാതികള്‍ ഏറെയുണ്ടെങ്കിലും കേള്‍ക്കാന്‍ ആളില്ല.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയെ കുറിച്ച് പരാതിപ്പെടാന്‍ ആരംഭിച്ച 'വിസില്‍ നൗ' എന്ന ആപ്ലിക്കേഷനിലാണ് പരാതികള്‍ കെട്ടിക്കിടക്കുന്നത്. ആപ്ലിക്കേഷനില്‍ വരുന്ന പരാതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശമില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിജിലന്‍സ് റിസര്‍ച്ച് ട്രെയിനിങ് വിഭാഗത്തിന്റെ നിയന്ത്രണത്തലായിരുന്നു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ആപ്ലിക്കേഷനിലെ പരാതികള്‍ക്ക് പരിഹാരമില്ലാതായത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടത്തുകയും അവയെ റാങ്ക് ചെയ്ത് അഴിമതി കുറയ്ക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ആവശ്യമായ നടപടി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു റിസര്‍ച്ച് വിഭാഗത്തിന്റെ ചുമതല.
പരാതികളിലുള്ള തുടര്‍ നടപടികളൊന്നും നടക്കുന്നില്ലെങ്കിലും ദിവസവും നിരവധി പരാതികളാണ് ആപ്ലിക്കേഷനിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 440 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയില്‍ നിന്ന് 241ഉം എറണാകുളം ജില്ലയില്‍ നിന്ന് 122 പരാതികളും ലഭിച്ചിട്ടുണ്ട്. തിരുവന്തപുരം(89), കൊല്ലം(69), പത്തനംതിട്ട(26), ആലപ്പുഴ(39), കോട്ടയം(35), ഇടുക്കി(25), തൃശൂര്‍(96), കോഴിക്കോട്(42), വയനാട്(18), കണ്ണൂര്‍(31), കാസര്‍കോട്(19) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നും ലഭിച്ച പരാതികളുടെ എണ്ണം.
നേരില്‍ കാണുന്ന അഴിമതിയെ കുറിച്ചുള്ള തെളിവുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ചിത്രവും വിഡിയോയും ഉള്‍പ്പെടെ ചേര്‍ക്കാനും അവസരമുണ്ട്. ഇതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്കിടയില്‍ നല്ല പിന്തുണയാണ് ആപ്പിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതരുടെ ആവേശമാകട്ടെ തുടക്കത്തില്‍ തന്നെ ചോര്‍ന്നുപോയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."