വിളവെടുപ്പിന് പാകമായ നെല്‍കൃഷി വന്യമൃഗങ്ങള്‍ നശിപ്പിച്ചു
ചീരാല്‍: വിളവെടുപ്പിന് പാകമായ നെല്‍കൃഷിയടക്കം നശിപ്പിച്ച് വന്യമൃഗങ്ങള്‍.
ചീരാല്‍ വരിക്കേരി, പുതുശ്ശേരി, കമ്പക്കൊടി, തുടങ്ങിയ പ്രദേശങ്ങളിലെ ഏക്കറുകണക്കിന് കാര്‍ഷിക വിളകളാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. വരിക്കേരി ഉഷ, സന്തോഷ് എന്നീ കര്‍ഷകരുടെ നൂറുകണക്കിനു വാഴകളും, ശങ്കരന് കുട്ടി, അയ്നി പെരരാഘവന്, പുതുശ്ശേരി ഷണ്മുഖന്, വരിക്കേരി നിഖേഷ് തുടങ്ങിയ കര്‍ഷകരുടെ നെല്‍കൃഷിയുമാണ് കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടുപന്നികളും, കാട്ടാനയും നശിപ്പിച്ചത്. വിളവ് പാകമായെങ്കിലും കൊയ്ത്ത് യന്ത്രം ഇതുവരെ ഈ പാടത്തേക്ക് എത്തിയിട്ടില്ല.
യന്ത്രമെത്തുന്നതിന് മുമ്പ് നെല്‍കൃഷി വന്യമൃഗങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുമോ എന്ന ഭീതിയിലാണ് കര്‍ഷകര്‍. നൂല്‍പ്പുഴ വനത്തിലെ കിടങ്ങും, ഫെന്‍സിങ്ങും തകര്‍ത്താണ് വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. വന്യമൃഗ പ്രതിരോധത്തിനായ് നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങളില്‍ നിന്ന് ശാശ്വതമായ പരിഹാരമുണ്ടാക്കി തങ്ങളുടെ ജീവിത പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കണമെന്ന ഇവരുടെ ന്യായമായ ആവശ്യം മുഖവിലക്കെടുക്കാന്‍ ആരും തയാറാവുന്നില്ലെന്നതിന്റെ നിരാശയിലാണ് ഇവിടത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."