വാര്യാട് വ്യവസായ പാര്‍ക്കിനോടനുബന്ധിച്ച് പ്രത്യേക കാപ്പി കൃഷി തുടങ്ങും: മന്ത്രി
കല്‍പ്പറ്റ: വാര്യാട് വ്യവസായ പാര്‍ക്കിനോടനുബന്ധിച്ച് നൂറേക്കര്‍ സ്ഥലം കണ്ടെത്തി കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയാക്കി മാറ്റി വയനാട്ടില്‍ പ്രത്യേക കാപ്പികൃഷി തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ പ്രത്യേകം പ്രാധാന്യമുണ്ട്. ഈ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിലയും ലഭ്യമാകും. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതോടെ കാര്‍ഷിക മേഖലക്കാകെ ഉണര്‍വ്വ് നല്‍കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ വികസന സാധ്യതയില്‍ കാര്‍ഷികമേഖലക്കുളള പ്രാധാന്യം മനസിലാക്കി കാര്‍ഷിക വിളകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ വികസന രേഖക്ക് സാധിക്കണം. കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളായിരുന്ന നെല്ല്, കാപ്പി, കുരുമുളക്, അടക്ക കൃഷികളുടെ പുനരുജ്ജീവനത്തിന് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കേണ്ടത്. മൃഗസംരക്ഷണമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാനും പാല്‍ ഉല്‍പാദനത്തില്‍ വര്‍ധനവ് ഉണ്ടാക്കാനും ഇടപെടലുകള്‍ ആവശ്യമാണ്. ഇതിനായി സഹകരണ സംഘങ്ങള്‍ വഴി സൗജന്യനിരക്കില്‍ പശുക്കളെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് കുതിപ്പേകാന്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന് സാധിക്കുമെന്ന് മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ബോയ്‌സ് ടൗണ്‍ മുതല്‍ വിമാനത്താവളം വരെ നാലുവരി പാത നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു പുതിയ വികസന വഴികൂടി തുറക്കും. ഇതോടൊപ്പം ലക്കിടി മുതല്‍ അടിവാരം വരെ റോപ് വേ സ്ഥാപിക്കുന്നതിന് ജില്ല പ്രത്യേകം മുന്‍കൈയെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാര മാര്‍ഗം ഒരുക്കിയാല്‍ സന്ദര്‍ശകരുടെ പ്രധാനകേന്ദ്രമായി ജില്ല മാറുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പദ്ധതിരേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. മിനി, പി.കെ അനില്‍കുമാര്‍, എ. ദേവകി, അനിലാ തോമസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."