ഒരു ദിവസം കൊണ്ട് വഴിയാധാരമായി; ഭദ്രപ്രസാദ് പുറത്താകുന്നത് 11 വര്‍ഷത്തിനുശേഷം
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍നിന്നു പുറത്തായതില്‍ പത്തു വര്‍ഷത്തിലധികം സര്‍വിസുള്ളവരും.
തിരുവനന്തപുരം ജില്ലയില്‍ പേരൂര്‍ക്കട ഡിപ്പോയില്‍ കഴിഞ്ഞ 11 വര്‍ഷമായി കണ്ടക്ടര്‍ ജോലി ചെയ്യുന്ന കല്ലയം, വട്ടപ്പാറ, തൃപ്തിയില്‍ ഭദ്രപ്രസാദും ഇത്തരത്തില്‍ പുറത്താകുന്നയാളാണ്. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെയാണ് ഭദ്രപ്രസാദ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായി ജോലിക്കെത്തുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള താല്‍ക്കാലിക നിയമനം 179 ദിവസമാണ്. അതു കഴിഞ്ഞാല്‍ പിരിച്ചുവിടുക എന്നതാണ് നിയമം. ഈ നിയമത്തെ മറികടക്കാന്‍ 178 ദിവസം ജോലി നല്‍കിയശേഷം ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ഒരു ദിവസത്തെ ലീവ് അനുവദിക്കും. പിന്നീട് അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കാം. ഭദ്രപ്രസാദ് കഴിഞ്ഞ 11 വര്‍ഷമായി ഇങ്ങനെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഒരു ദിവസം കൊണ്ട് ഭദ്രപ്രസാദ് തൊഴില്‍രഹിതനാകുകയാണ്. 11 വര്‍ഷം ജോലി ചെയ്ത താന്‍ ഇനി എന്തു ജോലി തേടി പോകുമെന്നാണ് 37 കാരനായ ഭദ്രപ്രസാദ് ചോദിക്കുന്നത്. പതിവുപോലെ ഇന്നലെ ഉച്ചക്ക് ഡിപ്പോയിലെത്തിയപ്പോഴാണ് ജോലിയില്‍നിന്നും പിരിച്ചുവിട്ടെന്ന് അധികൃതര്‍ അറിയിച്ചതെന്ന് ഭദ്രപ്രസാദ് പറയുന്നു. 2008ലാണ് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ എനിക്ക് കണ്ടക്ടര്‍ ജോലി ലഭിച്ചത്. 'അന്ന് ദിവസക്കൂലി 140 രൂപ ആയിരുന്നത് ഇന്ന് 480 രൂപവരെ ആയി.
മറ്റൊരാനുകൂല്യവും ഇല്ലായിരുന്നതിനാല്‍തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്നു. ഇപ്പോള്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി, ഇനി എന്തു ചെയ്യുമെന്നുതന്നെ അറിയില്ല' ഭദ്രപ്രസാദ് സുപ്രഭാതത്തോട് പറഞ്ഞു. ഇത്തരത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്കാര്‍ക്കാണ് ഇന്നലത്തെ ദിവസം ജോലി നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."