വയോധികയെ പീഡിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവം; ആനപ്പാപ്പാന്‍ പൊലിസ് പിടിയില്‍
നെടുമങ്ങാട് : ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വയോധികയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ആക്രമിക്കുകയും സ്വര്‍ണ മാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ ആനപ്പാപ്പാന്‍ അറസ്റ്റില്‍. കോന്നി തേക്കുംതോട് എഴാംതല മന്നത്തു വീട്ടില്‍ നിന്നും പത്തനാപുരം കുന്നിക്കോട് പൊലിസ് സ്റ്റേഷന് പരിധിയില്‍ നെറ്റിയോട് കോളനിയില്‍ താമസിക്കുന്ന സുമേഷ്ചന്ദ്രന്‍ (27) ആണ് പാങ്ങോട് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതി രാവിലെ ഒന്‍പതിന് ഭരതന്നൂര്‍ മൈലമൂടിന് സമീപം വനത്തിലായിരുന്നു സംഭവം. വനമേഖലയില്‍ കൂടി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വയോധികയെ വാ പൊത്തിപ്പിടിച്ചു കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചശേഷം മുക്കാല്‍ പവന്റെ സ്വര്‍ണ മാല കവരുകയായിരുന്നു. അബോധാവസ്ഥയിലായ വയോധിക ബോധം തിരിച്ചു കിട്ടിയതിനുശേഷം വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.എടി ആശുപത്രിയില്‍ വൈദ്യപരിശോധനക്കു പൊലിസ് ഹാജരാക്കി. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ നിലയില്‍ ഇയാളെ പ്രദേശവാസികള്‍ കണ്ടിരുന്നു. ഇയാളെ ഭരതന്നൂര്‍, കരടിമുക്ക്, ഗാര്‍ഡ് സ്റ്റേഷന് എന്നിവിടങ്ങളിലും നാട്ടുകാര്‍ കണ്ടിരുന്നതായി പാങ്ങോട് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഭരതന്നൂര്‍ മാര്‍ക്കറ്റ് ജങ്ഷനിലെ ഒരു കടയില്‍ നിന്നും ചില്ലറ വാങ്ങുന്നതും സമീപത്തെ ചായ കടയില്‍ കയറുന്നതും പൊലിസ് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.എന്നാല്‍ ഇയാളെക്കുറിച്ചു വിവരം നല്കാന് ആര്‍ക്കും അറിയില്ലായിരുന്നു. ഭരതന്നൂരില്‍ ആനക്കാര്ക്കൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിവിധ പാപ്പാന്മാരുമായി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കോന്നിയില്‍ പൊലിസ് സംഘം എത്തുന്നത്. ഇയാളുടെ ഫോട്ടോ ചിലര്‍ തിരിച്ചറിഞ്ഞു. പൊലിസ് നെറ്റിയോട്ടു കോളനിയില്‍ എത്തി. ഇന്നലെ പാരിപ്പള്ളിയില്‍ നിന്നുമാണ് അന്വേഷണം സംഘം അറസ്റ്റു ചെയ്യുന്നത്. ഇയാള്‍ കവര്‍ന്ന സ്വര്‍ണമാല കാരേറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു ലഭിച്ച പണവുമായി വീട്ടിലേക്ക് പോകുകയായിരുന്നു. സ്വര്‍ണമാല പൊലിസ് തിരിച്ചെടുത്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ഷിജു കെ.എല്‍.നായര്‍, എ.എസ്.ഐ സിജു ഹക്ക്, റിയാസ്, ബിജുകുമാര്‍, പാങ്ങോട് എസ്.ഐ കെ. കണ്ണന്,ജി.എസ്.ഐ വിഗ്നേശ്വരന്,സുലൈമാന്‍,മനു എന്നിവരങ്ങുന്ന സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."