മഹാരാജാസിന്റെ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല തീര്‍ത്തു
കൊച്ചി: വാട്ടര്‍മെട്രോക്കുവേണ്ടി എറണാകുളം മഹാരാജാസ് കോളജിന്റെ ഭൂമി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍ ) ഏറ്റെടുക്കുന്നതിനെതിരെ കോളജിലെ വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല തീര്‍ത്തു.
കെ.എസ്.യു, എസ്.എഫ്.ഐ.,ഫ്രട്ടേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഏറ്റെടുക്കുന്ന സ്ഥലത്തിന് സമാന്തരമായി വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനം നടക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.ജനറല്‍ ആശുപത്രിക്ക് സമാന്തരമായി കാമ്പസിന്റ മതിലിനകത്ത് വേലി കെട്ടിത്തിരിച്ച് ഏറ്റെടുക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ഏറ്റെടുക്കലിന് ആവശ്യമായി കാമ്പസുമായി ഒരു കരാറുണ്ടാക്കാനോ കാമ്പസിനകത്തെ വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്താനോ, ഏറ്റെടുക്കുന്ന സ്ഥലത്തിന് കലാലയത്തിന് വേണ്ട നഷ്ടപരിഹാരം നല്‍കാനോ പോലും തയ്യാറാവാതെ തികച്ചും ഏകാധിപത്യപരമായ നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചതെന്നും കെ.എസ്.യു കുറ്റപ്പെടുത്തി.
കാമ്പസില്‍ നിന്ന് പഠിപ്പ് മുടക്കി പ്രതിഷേധിച്ചതിനുശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി മനുഷ്യചങ്ങല തീര്‍ത്തത്. കാമ്പസിന്റെ ഭൂമി അന്യായമായി ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.പ്രതിഷേധ പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ജിബിന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ.അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യചങ്ങല എറണാകുളം ഏരിയ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മഹാരാജാസ് കോളജ് പരിസരം മറ്റൊരു കമ്മട്ടിപ്പാടമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഹരികൃഷ്ണന്‍ ആരോപിച്ചു. ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ തീര്‍ത്ത മനുഷ്യ ചങ്ങല സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."