പൊട്ടിപ്പൊളിഞ്ഞും കാടുമൂടിയും പാണമ്പ്രയിലെ ഡിവൈഡര്‍
തേഞ്ഞിപ്പലം: ദേശീയപാതയിലെ അപകട മേഖലയായ പാണമ്പ്രയില്‍ ഡിവൈഡര്‍ നവീകരണം വൈകുന്നു. പലപ്പോഴായി വാഹനങ്ങളിടിച്ച് പൊട്ടിപൊളിഞ്ഞുകിടക്കുന്ന ഡിവൈഡര്‍ പുതുക്കിപണിയാനുള്ള നടപടികള്‍ ഇനിയുമാരംഭിച്ചില്ല. വാഹനങ്ങള്‍ കയറിയിറങ്ങിയതും ഇടിച്ചതും കാരണം മൂന്ന് ഭാഗങ്ങളില്‍ ഡിവൈഡറിന് വലിയ തകര്‍ച്ച സംഭവിച്ചിട്ടുണ്ട്.
ഇവയുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കേണ്ടതുണ്ട്. തകര്‍ന്നതിന് പുറമേ ഡിവൈഡര്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഡിവൈഡറിന് മേല്‍ പുല്‍കാടുകളും വളര്‍ന്നു നില്ക്കുന്നു. ഇതുകാരണം ഡിവൈഡറില്‍ പതിച്ച റിഫ്ളക്ടറുകളും കാണുന്നില്ല.
രാത്രിസമയ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നു. റിഫ്ളക്ടറുകള്‍ പ്രകാശിക്കുന്നതിനാലാണ് രാത്രിസമയങ്ങളില്‍ ഡ്രൈവര്‍മാര്‍ പലപ്പോഴും ഡിവൈഡര്‍ തിരിച്ചറിയുന്നത്. ഡിവൈഡറുകളില്‍ കാടുകയറിയത് രാത്രികാല യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയാസംസൃഷ്ടിക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്ന സുരക്ഷാഭിത്തിയും അതേപടി തന്നെ കിടക്കുകയാണ്. റോഡരികിലെ സുരക്ഷാഭിത്തി തകര്‍ത്താണ് ടാങ്കര്‍ സമീപത്തെ തൊടിയിലേക്ക് മറിഞ്ഞത്.
അപകടം പതിവായ മേഖലയില്‍ വാഹനങ്ങള്‍ പലപ്പോഴും മറിയാതെ സംരക്ഷിക്കുന്നത് ഈ ഭിത്തികളാണ്. ഡിവൈഡറിന്റെ തകര്‍ന്ന ഭാഗങ്ങളും സംരക്ഷണ ഭിത്തിയും വേഗത്തില്‍ പുതുക്കിപണിയണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."