കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍; ജില്ലയില്‍ 43 സര്‍വിസുകള്‍ മുടങ്ങി
മലപ്പുറം: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയതോടെ ജില്ലയിലെ വിവിധ സര്‍വിസുകള്‍ മുടങ്ങി. എം പാനല്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിപ്പോകള്‍ക്ക് നിര്‍ദേശം ലഭിച്ചതോടെയാണ് എം പാനല്‍ ജീവനക്കാര്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങിയത്. ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാല് ഡിപ്പോകളിലുമായി ഇന്നലെ 43 സര്‍വിസുകളാണ് അവതാളത്തിലായിരിക്കുന്നത്. മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നി ഡിപ്പോകളിലെ ഓര്‍ഡിനറി സര്‍വിസുകളെയാണ് എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ കാര്യമായി ബാധിക്കുക. ഇതോടെ ജില്ലയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകളില്‍ വ്യാപകമായ കുറവുണ്ടാകും. ഇന്നലെ പെരിന്തല്‍മണ്ണയില്‍ നിന്ന് 16ഉം മലപ്പുറത്ത് നിന്ന് അഞ്ചും നിലമ്പൂരില്‍ നിന്ന് 22 ഉം സര്‍വിസുകള്‍ മുടങ്ങി.
മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 44 എം പാനല്‍ ജീവനക്കാരാണ് നിലവിലുള്ളത്. ഇവരെ പിരിച്ചുവിടുന്നതോടെ 18 സര്‍വിസുകളെയെങ്കിലും ബാധിക്കും. മൊത്തം 45 സര്‍വിസുകളാണ് മലപ്പുറം ഡിപ്പോയില്‍ നിന്നുള്ളത്. ഇതില്‍ ഭൂരിഭാഗം റൂട്ടുകളിലും താല്‍ക്കാലിക ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമുള്ള അഞ്ച് സര്‍വിസുകളാണ് ഇന്നലെ മുടങ്ങിയത്. ദീര്‍ഘദൂര റൂട്ടുകളെ അപേക്ഷിച്ച് ഓര്‍ഡിനറി റൂട്ടുകളിലാണ് എം പാനല്‍ ജീവനക്കാര്‍ കൂടുതലായുള്ളത്. അതിനാല്‍ ഡിപ്പോയില്‍ നിന്നുള്ള തിരൂര്‍ മഞ്ചേരി, കോഴിക്കോട് പാലക്കാട് സര്‍വിസുകളിലാണ് കുറവുവരിക. എം പാനല്‍ ജീവനക്കാര്‍ക്ക് പകരം സ്ഥിരം ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കി പരിഹരിക്കാനുള്ള ശ്രമവും നടന്നില്ല. പെരിന്തല്‍മണ്ണയില്‍ 36 എം പാനല്‍ ജീവനക്കാരാണുള്ളത്. പ്രതിദിനം 42 സര്‍വിസുകളുള്ള ഇവിടെ നിന്നും എം പാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതോടെ 16 സര്‍വീസുകളുടെ കുറവ് വരും. ഇതില്‍ അധികവും ഓര്‍ഡിനറി റൂട്ടുകളാണ്.
പൊന്നാനി ഡിപ്പോയിലാണ് ജില്ലയില്‍ ഏറ്റവും കുറവ് എം പാനല്‍ ജീവനക്കാരുള്ളത്. 28 പേരാണ് ഇവിടെയുള്ളത്. ഇവിടെ നിന്നുള്ള 35 സര്‍വിസുകളില്‍ പത്തെണ്ണത്തിനു മാത്രമേ എം പാനലുകാരുടെ അഭാവം ബാധിക്കുകയുള്ളൂ.നിലമ്പൂരില്‍ 56 എം പാനല്‍ ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഇവരെ പിരിച്ചുവിട്ടതോടെ ഇന്നലെ ഉച്ചക്ക് ശേഷമുള്ള 22 സര്‍വിസുകളാണ് മുടങ്ങിയത്. നിലമ്പൂര്‍ ഡിപ്പോയില്‍ 40 ജീവനക്കാര്‍ മാത്രമാണ് സ്ഥിരം നിയമനം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എം പാനല്‍ ജീവനക്കാരെ ഒഴിവാക്കുന്നതോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുക നിലമ്പൂര്‍ ഡിപ്പോയിലാകും. എം പാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഓര്‍ഡിനറി സര്‍വിസുകളെയാണ്. ഇത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."