സി.പി.എം പ്രവര്‍ത്തകന്‍ സ്ഥലം കൈയേറിയെന്ന് സി.പി.ഐയുടെ പരാതി
കണ്ണൂര്‍: അര്‍ധരാത്രി ജെ.സി.ബി ഉപയോഗിച്ച് കക്കൂസ് കെട്ടിടവും ടാങ്കും പൊളിച്ചുമാറ്റുകയും എട്ടു തെങ്ങുകള്‍ പിഴുതുകളയുകയും ചെയ്തായി വീട്ടുകാരുടെ പരാതി. അഴീക്കോട് പഞ്ചായത്തിലെ കാപ്പിലെപീടികക്ക് സമീപം ജൂലൈ 31ന് അര്‍ധരാത്രിയാണ് അതിക്രമം നടന്നത്.
സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ നേതാവും അഴീക്കോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പന്നേന്‍ നാരായണന്റെ ഭാര്യ പൊന്‍മുടിയന്‍ സുശീല, സഹോദരി പൊന്‍മുടിയന്‍ ലക്ഷ്മി, എം.പി പ്രേമജ, എന്‍.കെ സുനജ, ടി.വി സുന്ദരന്‍ എന്നിവരുടെ സ്ഥലങ്ങളിലാണ് കൈയേറ്റം നടന്നത്.
റോഡ് നിര്‍മാണത്തിന്റെ പേരില്‍ സമീപത്ത് താമസിക്കുന്ന ധീരജ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടന്നതെന്നും സി.പി.എം പ്രവര്‍ത്തകനായ ധീരജ് സമീപകാലത്താണ് ആര്‍.എസ്.എസില്‍ നിന്ന് സി.പി.എമ്മിലേക്ക് വന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ വീട്ടുകാര്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു. നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ തെക്കുഭാഗം ബ്രാഞ്ച് കമ്മറ്റിയും കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ പ്രേമജയുടെ മകന് മര്‍ദനമേറ്റതായും ഭീഷണി കാരണം പുറത്തിറങ്ങാന്‍ ഭയന്നാണ് ജീവിക്കുന്നതെന്നും ഇവര്‍ പറയുന്നു.
സംഭവം നടന്ന പിറ്റേന്ന് പരാതിയുമായി വളപട്ടണം പൊലിസ്, കലക്ടര്‍ എന്നിവരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമാണ്ടയില്ല.
തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കി. എന്നിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."