ബഡ്‌സ് സ്‌കൂള്‍ കുംബഡാജെ പഞ്ചായത്തിന് ബാധ്യതയാകുമെന്ന് ആശങ്ക
കുംബഡാജെ: തനത് ഫണ്ടില്ലാത്ത പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമാകുന്നത് പഞ്ചായത്ത് ഭരണസമിതിയെ ആശങ്കയിലാക്കുന്നു. കുംബഡാജെ പഞ്ചായത്തിലാണ് ഒന്നരക്കോടി രൂപ ചെലവില്‍ ബഡ്‌സ് സ്‌കൂളിന് കെട്ടിടം പണിതത്. ഇവിടെ നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളവും കുട്ടികളുടെ ഭക്ഷണത്തിന്റെയും ചെലവ് ആരു വഹിക്കുമെന്ന വേവലാതിയിലാണ് പഞ്ചായത്ത് അധികൃതര്‍. ആകെ 1. 70 ലക്ഷം തനത് ഫണ്ടുള്ള പഞ്ചായത്തിന് നിത്യചെലവിന് വക കണ്ടെത്താനാവാതെ കഷ്ടപ്പെടുമ്പോഴാണ് നബാര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂളിന് കെട്ടിടം പണിതത്. ഒരു വര്‍ഷം ഇതിന് ഏകദേശം 25 ലക്ഷം രൂപയുടെ അധിക ചെലവ് വേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നത്. ബഡ്‌സ് സ്‌കൂള്‍ പഞ്ചായത്തിന് ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി ചെലവിന്റെ കാര്യം ആലോചിച്ചിരുന്നില്ല. രണ്ടു അധ്യാപികമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, നാല് ആയമാര്‍, ഒരു പാചക തൊഴിലാളി, ഭക്ഷണ സാധനങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍, വൈദ്യുതി ബില്‍ എന്നിവയ്ക്ക് കനത്ത സാമ്പത്തിക ചെലവാണ് വേണ്ടി വരിക. 62 സെന്റ് സ്ഥലത്ത് ഹാള്‍, നടുമുറ്റം, അടുക്കള, പരിശോധനാ മുറിയടക്കം 55 സെന്റ് സ്ഥലത്ത് കെട്ടിടം എന്നിങ്ങനെയാണുള്ളത്. പഞ്ചായത്ത് പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെ കൂടാതെ പുറത്തുനിന്നുള്ളവര്‍ക്കും സ്‌കൂളില്‍ സൗകര്യം നല്‍കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കാന്‍ തനത് ഫണ്ടില്ലാതെ കഷ്ടപ്പെടുകയാണ് പഞ്ചായത്ത് അധികൃതര്‍.
സര്‍ക്കാറില്‍നിന്നു സഹായം ലഭിച്ചാല്‍ സാമ്പത്തിക ബാധ്യത ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതര്‍. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനാകാത്തതിനാല്‍ ഇവര്‍ക്ക് ലഭിച്ച ആംബുലന്‍സും ഇപ്പോള്‍ ഓടുന്നില്ല. പുതുതായി ലഭിച്ച ആംബുലന്‍സ് ഷെഡില്‍ കിടന്നു രണ്ടര വര്‍ഷമായി തുരുമ്പിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചില പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ കെട്ടിടങ്ങള്‍ പണിയുന്നതല്ലാതെ ഇത് ദുരിത ബാധിതര്‍ക്ക് ഒരു തരത്തിലും പ്രയോജനമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."