അങ്കണവാടിയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നുവീണു
തളിപ്പറമ്പ് : കുപ്പം അങ്കണവാടിയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നുവീണു. കുട്ടികള്‍ ക്ലാസില്‍ ഇല്ലാത്ത സമയമായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തളിപ്പറമ്പ് നഗരസഭയിലെ ഒന്നാം വാര്‍ഡായ കുപ്പത്തെ അങ്കണവാടി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് അടര്‍ന്നുവീണത്. ഇന്നലെ രാവിലെ 9.30ഓടെ തുറന്നപ്പോഴാണ് കോണ്‍ക്രീറ്റ് മേല്‍ക്കൂര അടര്‍ന്നു വീണനിലയില്‍ കണ്ടത്. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കുട്ടികള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കസേരകളും പാത്രങ്ങളും തകര്‍ന്നിരുന്നു. ഏതു നിമിഷവും അടര്‍ന്നു വീഴുമെന്ന നിലയില്‍ ഇനിയും കോണ്‍ക്രീറ്റ് ഇളകി നില്‍ക്കുന്നുമുണ്ട്. കോണ്‍ക്രീറ്റ് ഇളകി വീണ് അപകടമുണ്ടാകുമെന്ന ഭീതിയില്‍ ഇന്നലെ കുട്ടികളെ ക്ലാസിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഐ.സി.ഡി.എസ് അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു.
അങ്കണവാടിക്ക് വേണ്ടി വാടകമുറി അന്വേഷിക്കുന്നതായും വിവരമുണ്ട്. നിലവില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന കുപ്പം മുനവിറുല്‍ ഇസ്‌ലാം മദ്‌റസയുടെ കെട്ടിടത്തിനു സമീപത്തു തന്നെ ഒരു വര്‍ഷത്തിനുമുമ്പ് തന്നെ തളിപ്പറമ്പ് നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച അങ്കണവാടി കെട്ടിടമുണ്ടായിരിക്കെ വാടകക്ക് മുറി അന്വേഷിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
കുപ്പം ജമാഅത്ത് കമ്മിറ്റി വിട്ടു നല്‍കിയ സ്ഥലത്താണ് തളിപ്പറമ്പ് നഗരസഭ കെട്ടിടം നിര്‍മിച്ചത്. ഈ കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് ഉദ്ഘാടനം നീട്ടികൊണ്ട് പോകുന്നതിനെതിരേ നാട്ടുകാര്‍ നേരത്തേ പ്രതിഷേധത്തിലായിരുന്നു. വാടകമുറി അന്വേഷിക്കാതെ മികച്ച ക്ലാസ് മുറിയും ഡൈനിങ്ങ്ഹാളും പാചകമുറിയുമുള്ള പുതിയ കെട്ടിടത്തില്‍ പെട്ടന്നു തന്നെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."