ആറ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലായി 111.45 കോടി രൂപ ചെലവില്‍ ആറു റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് മന്ത്രി ജി. സുധാകരന്‍ തുടക്കം കുറിച്ചു. ചന്തപ്പുര-കണ്ണപുരം റോഡ്, പുന്നക്കടവ്-ഏഴിലോട് റോഡ്, കാങ്കോല്‍-ചീമേനി റോഡ്, ആലപ്പടമ്പ-പേരൂല്‍ റോഡ്, തളിപ്പറമ്പ്-ചെറുകുന്ന് റോഡ്, മാടായി-എട്ടിക്കുളം റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളാണ് വിവിധയിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ മന്ത്രി നിര്‍വഹിച്ചത്.
കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ചന്തപ്പുര-പരിയാരം മെഡിക്കല്‍ കോളജ് നെരുവമ്പ്രം, ഏഴോം വെള്ളിക്കീല്‍ ഒഴക്രോം കണ്ണപുരം റോഡ് കിഫ്ബി ഫണ്ടില്‍ നിന്നുള്ള 38.6 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍, കള്‍വര്‍ട്ടുകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവ നിര്‍മിച്ചും താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തിയും കയറ്റിറക്കങ്ങള്‍ ക്രമീകരിച്ചും റോഡ് വികസിപ്പിച്ച ശേഷം മക്കാഡം ടാര്‍ ചെയ്ത് സംസ്ഥാനപാത നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. രണ്ടു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് കരാര്‍.
തളിപ്പറമ്പില്‍ നിന്നു പട്ടുവം വഴി ചെറുകുന്ന് വരെയുള്ള ഒന്‍പതു കിലോമീറ്റര്‍ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.36 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. നിലവില്‍ ഏഴു മീറ്റര്‍ വീതിയിലുള്ള റോഡ് 10 മീറ്ററായി വികസിപ്പിക്കാനാണ് പദ്ധതി.
കിഫ്ബി ഫണ്ടില്‍ നിന്ന് 20.26 കോടി രൂപ ചെലവഴിച്ചാണ് കാങ്കോല്‍ചീമേനി റോഡ് അഭിവൃദ്ധിപ്പെടുത്തി ഉപരിതലം മെക്കാഡം ടാറിങ് ചെയ്യുന്ന പ്രവൃത്തി നടത്തുന്നത്. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ 10 കിലോമീറ്ററിലേറെ ഭാഗമാണ് നവീകരിക്കുക. ഇതില്‍ നാലു കിലോ മീറ്റര്‍ ഭാഗത്ത് നിലവിലെ ടാറിങ് എടുത്ത് കളഞ്ഞ് ബേസ് ശക്തിപ്പെടുത്തും.
പയ്യന്നൂര്‍, കല്യാശേരി എന്നീ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പുന്നക്കടവ് ഏഴിമല ഏഴിലോട് റോഡ് കിഫ്ബി ഫണ്ടില്‍ നിന്നുള്ള 17.23 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. രാമന്തളി കുന്നത്തെരുവില്‍ നിന്നും കാരന്താട്, കുഞ്ഞിമംഗലം വഴി ഏഴിലോട് ദേശീയ പാതയില്‍ എത്തിച്ചേരുന്ന 9.22 കിലോമീറ്റര്‍ റോഡ് മെക്കാഡം ടാര്‍ ചെയ്യും. 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഏഴിമല നാവിക അക്കാദമിയുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായാണ് മാടായി ടി.ബി മുതല്‍ മുട്ടം, പാലക്കോട് വഴി എട്ടിക്കുളം വരെയുള്ള 5.3 കിലോമീറ്റര്‍ റോഡ് 12 കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കുന്നത്. മാടായി മുതല്‍ മുട്ടം വരെ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 18 മാസമാണ് കരാര്‍ കാലാവധി. ആലപ്പടമ്പ് പേരൂല്‍ മാതമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ആദ്യഘട്ടമാണ് ബജറ്റ് ഫണ്ടില്‍ നിന്നുള്ള മൂന്നു കോടി രൂപ ചെലവില്‍ ആരംഭിച്ചിരിക്കുന്നത്. 10.5 കിലോ മീറ്റര്‍ റോഡില്‍ 2.7 കിലോ മീറ്റര്‍ ഭാഗത്ത് ആവശ്യമായ ബേസ് ശക്തിപ്പെടുത്തി 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തും.
ആധുനിക രീതിയിലുള്ള റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയുള്ള സംസ്ഥാന പാതകളായി ഈ റോഡുകള്‍ വികസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി 4000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവര്‍ അധ്യക്ഷനരായി. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."