കടലാടിപ്പാറ ഖനനം: കലക്ടര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
നീലേശ്വരം: കടലാടിപ്പാറ ഖനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്ന പൊതു തെളിവെടുപ്പ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ചു കലക്ടര്‍ കെ.ജീവന്‍ ബാബു ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് റിപ്പോര്‍ട്ട് നല്‍കുക. നടപടികളുടെ മിനുട്‌സും ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു തെളിവെടുപ്പ് ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യവും വിശദീകരിക്കുന്നതാകും റിപ്പോര്‍ട്ട്. കലക്ടറുടെ അധ്യക്ഷതയിലാണു തെളിവെടുപ്പ് നിശ്ചയിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് റിജനല്‍ ഓഫിസിലെ ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.എസ് ഷീബ, എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ ഷബ്‌ന ബഷീര്‍, അസി.എന്‍ജിനിയര്‍ പി.എസ് സൗമ്യ, ബോര്‍ഡ് ജില്ലാ ഓഫിസിലെ എന്‍ജിനിയര്‍ എബി വര്‍ഗീസ്, അസി. എന്‍ജിനിയര്‍ രവികുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഓഗസ്റ്റ് അഞ്ചിനു നിശ്ചയിച്ച തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാന ഓഫിസ് മുഖാന്തിരം എട്ടു ദിവസത്തിനകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുക്കണമെന്നാണു ചട്ടം. അതേസമയം, തെളിവെടുപ്പ് ഉപേക്ഷിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തില്‍ ഖനാനുമതി നേടിയെടുക്കാന്‍ രംഗത്തുള്ള മുംബൈയിലെ ആശാപുര കമ്പനി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
കലക്ടര്‍ നല്‍കുന്ന മിനുട്‌സിന്റെയും റിപ്പോര്‍ട്ടിന്റെയും നിലയും കമ്പനിയുടെ നീക്കങ്ങളും വിലയിരുത്തി ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണു കിനാനൂര്‍ കരിന്തളം പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല ചെയര്‍മാനായ സര്‍വകക്ഷി ജനകീയ സമിതിയും ആലോചിക്കുന്നത്. തെളിവെടുപ്പ് ദിവസം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കന്റീനില്‍ തെളിവു നല്‍കാന്‍ വരുന്നവര്‍ക്കായി 100 ചായയും ബിസ്‌കറ്റും ആശാപുര കമ്പനി ഏല്‍പ്പിച്ചിരുന്നത് ഇവര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. എന്നാല്‍ തെളിവെടുപ്പു ദിവസം കമ്പനി പറ്റില്‍ ചായ കുടിക്കാന്‍ ആരും ഇവിടെയെത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."