'ഫൗള്‍ പ്ലേ'
മഞ്ചേരി: ജില്ലയിലെ ഫുട്ബോള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഗോകുലം എഫ്.സിയുടെ പരിശീലനം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കില്ല. പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബായ ഗോകുലം എഫ്.സിയുടെ പരിശീലനത്തിനായി പയ്യനാട് സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.
ഐലീഗ് ലക്ഷ്യംവയ്ക്കുന്ന ക്ലബിന് ഇതു തിരിച്ചടിയായി. പരിശീലനം ഇന്നലെ മുതല്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനായി താരങ്ങളില്‍ പലരും മഞ്ചേരിയിലെത്തുകയും ഇവര്‍ക്കായുള്ള താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊടുന്നനെയാണ് പുതിയ തീരുമാനം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ടീം പരിശീലനം തുടങ്ങിയിരുന്നത്. ഈ മൈതാനം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെയാണ് പയ്യനാട് സ്റ്റേഡിയത്തിനായി ക്ലബ് ശ്രമം നടത്തിയത്.
ജില്ലയിലെ ഫുട്ബോള്‍ പ്രേമികളുടെ പിന്തുണ നിലനിര്‍ത്താനാണ് പരിശീലനം ജില്ലയില്‍തന്നെ തുടരാന്‍ മാനേജ്മെന്റ് നീക്കം നടത്തിയത്. കളിസ്ഥലത്തിന്റെ കാര്യത്തില്‍ മറ്റിടങ്ങളിലൊന്നുമില്ലാത്ത പ്രതിസന്ധികളാണ് ജില്ലയിലുണ്ടാകുന്നതെന്ന വിമര്‍ശനം ശക്തമാകുകയാണ്. ഇതുസംബന്ധിച്ചു ക്ലബധികൃതരും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്.
അടുത്ത സീസണില്‍ ഐലീഗ് കളിക്കാനുള്ള തയാറെടുപ്പിലാണ് ഗോകുലം എഫ്.സി. എന്നാല്‍, ഗ്രൗണ്ട് അനുവദിക്കാത്തതിനാല്‍ തൃശൂരിലേക്കോ കോഴിക്കോട്ടേക്കോ പരിശീലനം മാറ്റാനും ആലോചനയുണ്ട്. പയ്യനാട് സ്റ്റേഡിയമാകട്ടെ, മികച്ച കളികള്‍ക്കു വേദിയാകാതെ മുരടിച്ചുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."