അംബേദ്ക്കര്‍ കോളനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി
പാലക്കാട്: ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയിലെ ജാതി വിവേചനം കത്തിയപ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ സംഘടനാ നേതാക്കളും, രാഷ്ട്രീയ നേതാക്കളും പടയെടുത്തു വന്ന് ഇവിടെ വച്ച് നടത്തിയ പല പ്രഖ്യാപനങ്ങളും കടലാസില്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ ഇവിടത്തുകാര്‍ ദുരിതത്തിലാണ്.
ജാതി വിവേചനത്തെ ചൊല്ലി വിവാദംരൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലും വിവിധ സന്നദ്ധ സംഘടനകളും ഇടപെടല്‍ നടത്തുകയും വിവിധ പദ്ധതികള്‍ പ്രഖ്യാപനം നടത്തുകയും ചെയ്തുവെങ്കിലും അതെല്ലാം വാഗ്ദാനത്തില്‍ മാത്രം ഒരുങ്ങിയിരിക്കുകയാണ്.
കോരിചൊരിയുന്ന മഴയത്ത് നനഞ്ഞൊലിക്കുന്ന കൂരയില്‍ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് കോളനിനിവാസികള്‍. സംസ്ഥാന പട്ടികജാതി വര്‍ഗ കമ്മിഷനും ദേശീയ പട്ടികജാതി കമ്മിഷനും കോളനിയിലെത്തി ദലിതര്‍ ദുരിതപൂര്‍ണമായ ജീവിത സഹാചര്യം നേരില്‍ കാണുകയും കോളനിക്കാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തര നടപടി വേണമെന്നു ജില്ലാ കലക്ടറോട് നിര്‍ദേശിക്കുകയും ചെചെയ്തു. എന്നാല്‍ കോളനിയില്‍ ജാതി വിവേചനമോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയോ ഇല്ലെന്നാണു ജില്ലാ ഭരണകൂടവും പൊലിസും സര്‍ക്കാറിലേക്കും കോടതിയിലും റിപ്പോര്‍ട്ടുകള്‍ നല്‍കിയത്.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചു നല്‍കുക, വീടുകളുടെ അറ്റകുറ്റപ്പണി നടത്തുക, കുടിവെള്ളം ലഭ്യമാക്കുക, ശുചിമുറി നിര്‍മിക്കുക തുടങ്ങിയവ എം.പിയും എം.എല്‍.എയും ത്രിതല ജനപ്രതിനിധികളും കലക്ടറും അദാലത്ത് നടത്തി കോളനിക്കാരുമായി ചര്‍ച്ച നടത്തിയും നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായില്ലെന്നു കോളനിക്കാര്‍ പറയുന്നു. ജാതി വിവേചനം പ്രശ്‌നം ഉയര്‍ന്നതിനെ തുടര്‍ന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കോളനിയിലെത്തി വലിയ വാഗ്ദാനങ്ങള്‍ ഇവര്‍ക്കു നല്‍കിയിരുന്നെങ്കിലും ഒന്നും തുടങ്ങിയിട്ടില്ല.
ശോച്യാവസ്ഥയിലുള്ള വീടുകള്‍ വാസ യോഗ്യമാക്കുമെന്നു പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അതും എങ്ങുമെത്തിയില്ല. രാജീവ്ഗാന്ധി യുവജന വേദിയുടെ നേതൃത്വത്തില്‍ ഏറ്റവും ശോച്യാവസ്ഥയിലുള്ള രണ്ട് വീടുകള്‍ക്ക് മാത്രം നിര്‍മിച്ചു നല്‍കുന്ന ഷീറ്റ് മേയുന്ന വീടുകളുടെ അടിത്തറയൊരുക്കുന്ന പണിയാണു കോളനിയില്‍ ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവുമെന്നു പ്രതീക്ഷിച്ച നടപടികള്‍ ഇല്ലാതായതോടെ കോളനിക്കാരും ആശങ്കയിലാണ്.
വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പല സംഘടനകളും സഹായവുമായി എത്തിയിരുന്നു. ഇത് മൂലം സുഭിക്ഷമായ ഭക്ഷണവും കോളനിനിവാസികള്‍ക്ക് ലഭിച്ചിരുന്നു. പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ ഒരു സംഘടനയും തിരിഞ്ഞു നോക്കില്ലെന്നും വീണ്ടും പഴയക്കാല ദുരിതത്തിലേക്ക് കോളനിനിവാസികള്‍ തിരിച്ച് പോകുകയാണെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."