ഓണ്‍ലൈന്‍ ടാക്‌സി: പണംതട്ടിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: ഓണ്‍ലൈന്‍ ടാക്‌സി സംരംഭത്തില്‍ ഓഹരിയും ഫ്രാഞ്ചൈസിയും വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
എളയാവൂര്‍ സൗത്തില്‍ താമസിക്കുന്ന ചിറക്കല്‍ സ്വദേശി പാറയില്‍ സൂരജിനെ (42) ആണ് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ ഇന്നലെ പുലര്‍ച്ചെയാണ് പിടികൂടിയത്.
തലശ്ശേരി സ്വദേശി രഞ്ജിത്ത് ബാലിഗയുടെ പരാതിയിലാണ് അറസ്റ്റ്.
എന്നാല്‍ രഞ്ജിത്തിന് പുറമെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിരവധി പേരെ സമാനരീതിയില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ടാക്‌സി സംരംഭമായ കാര്‍ വണ്‍ എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി അനുവദിക്കാമെന്ന് പറഞ്ഞ് രഞ്ജിത്തില്‍ നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എന്നാല്‍ ഫ്രഞ്ചൈസി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി പതിനഞ്ചിലധികം പേരില്‍ നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും മലപ്പുറം തേഞ്ഞിപ്പലം, കൊല്ലം ഈസ്റ്റ്, തൃശൂര്‍ ഈസ്റ്റ് എന്നീ പൊലിസ് സ്റ്റേഷനുകളില്‍ തട്ടിപ്പുകേസ് നിലവിലുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."