കോര്പ്പറേഷന് കെട്ടിടങ്ങളിലെ കടമുറി പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന്
തൃശൂര്‍: കോര്പ്പറേഷന് കെട്ടിടങ്ങളിലെ കടമുറി കൈമാറ്റത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിലും ശക്തനിലെ വ്യാപാരികള്‍ക്കായുള്ള പാര്‍ക്കിങ് സൗകര്യം അവസാനിപ്പിച്ചതിനുമെതിരെ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ജില്ലാ മര്‍ച്ചന്റസ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണയായി കച്ചവടം നടത്തുന്നവരുടെ ബന്ധുക്കള്‍ക്ക് വാടക വര്‍ദ്ധനവില്ലാതെയും മറ്റുള്ളയാളുകള്ക്ക് 200% വര്‍ധനവും എന്ന മാനദണ്ഡത്തിലാണ് കാലാകാലമായി കൈമാറ്റം നടത്തുന്നത്.
കൂടാതെ മൂന്നുവര്‍ഷം കൂടുമ്പോള്‍ 10 % വര്‍ധനവും നിലനില്‍ക്കുന്നുണ്ട്. ഈ മാനദണ്ഡം അട്ടിമറിച്ചുകൊണ്ട് സ്ക്വയര്‍ അളന്ന് അതിനാനുപാതികമായ വാടക ഉദ്യോഗസ്ഥ തലത്തില്‍ പുതുക്കിയ നിശ്ചയിക്കാനുള്ള നടപടിയുമായി കോര്പ്പറേഷന് മുന്നോട്ടു പോകാനൊരുങ്ങുകയാണ്. ഇത് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും ജില്ലാ പ്രസിഡന്റ് എം. ജയപ്രകാശ് ആരോപിച്ചു. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള അനുമതിയില്ലാത്തതിനാല്‍ ശക്തനിലെ സര്‍ക്കസും എക്സിബിഷനും നടക്കുന്ന ഗ്രൗണ്ടിലാണ് വ്യാപാരികള്‍ വാഹനം പാര്‍ക്കു ചെയ്യാറുള്ളത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കോര്പ്പറേഷന് പാര്‍ക്കിങ് തടഞ്ഞിരിക്കുകയാണ്. 15നകം പരിഹരിച്ചില്ലെങ്കില്‍ കോര്‍പ്പറേഷനെതിരേ നിസഹരണ സമരവും മാലിന്യ നിര്മ്മാര്ജനമുള്പ്പടെയുള്ള കാര്യങ്ങളുമായി പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ് ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റുമാരായ എ.കെ ഡേവീസ്, എം.വി രാജന്, സെക്രട്ടറി എ.ജെ ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."