പെര്‍ത്ത് ചതിച്ചു
പെര്‍ത്ത്: അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ കോഹ്‌ലിക്കും സംഘത്തിനും ദയനീയ തോല്‍വി. ആസ്‌ത്രേലിയക്ക് മുന്‍പില്‍ 146 റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്.
ഓസീസിന്റെ തീപാറും ബൗളിങ്ങില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ്‌നിര അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ പവലിയനിലെത്തി. 30 റണ്‍സ് വീതമെടുത്ത അജങ്ക്യ രഹാനെയും ഋഷഭ് പന്തും 28 റണ്‍സെടുത്ത ഹനുമ വിഹാരിയും മാത്രമാണ് ബാറ്റിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-1 ഇരു ടീമുകളും തുല്യത പാലിച്ചു. പെര്‍ത്തില്‍ അനായാസം ജയിക്കാമായിരുന്ന മത്സരം കൈവിട്ട ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും അഗ്നിപരീക്ഷയായിരിക്കും. ഡിസംബര്‍ 26നു മെല്‍ബണിലാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടക്കുന്നത്.
ബാറ്റിങ്ങില്‍ സമ്പൂര്‍ണ പരാജയം
പെര്‍ത്തില്‍ ബാറ്റിങ്ങിലെ പോരായ്മയാണ് ഇന്ത്യക്ക് വെല്ലുവിളിയായത്. അഞ്ചിന് 112 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തി. 287 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ വെറും 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പോലെ തന്നെ വാലറ്റവും ചെറുത്തു നില്‍പ്പിന് മുതിരാതെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ ഓസീസിന് വിജയം എളുപ്പമായി. മുരളി വിജയ് (20), വിരാട് കോഹ്‌ലി (17), ചേതേശ്വര്‍ പൂജാര (4), ഉമേഷ് യാദവ് (2), എന്നിവര്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ മൂന്ന് പേര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. ഇഷാന്ത് ശര്‍മ, ലോകേഷ് രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയത്. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴത്തി. ബാക്കിയുള്ള വിക്കറ്റുകള്‍ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും പങ്കിട്ടു. സ്‌കോര്‍ ആസ്‌ത്രേലിയ 326, 243 : ഇന്ത്യ 283, 140.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."