രാജപക്സെ ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്
കൊളംബോ: ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവായി മഹിന്ദ രാജപക്സെയെ നിയോഗിച്ചു. 51 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം പാര്‍ലമെന്റ് യോഗത്തിലാണ് സ്പീക്കര്‍ കരു ജയസൂര്യ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന തമിഴ് നേതാവ് ആര്. സമ്പത്തായിരുന്നു 2015 മുതല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത്. മഹിന്ദ അമരവീരയെ പ്രതിപക്ഷ ചീഫ് വിപ്പായി നിയോഗിച്ചു.
രാജപക്സെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എല്‍) പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായതിനാലാണ് രാജപക്സെയെ പ്രതിപക്ഷ നേതാവാക്കിയതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി തമിഴ് നാഷണല്‍ അലയന്‍സും ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന രാജപാക്സെയ്ക്ക് പാര്‍ലമെന്റ് അംഗമായി തുടരാനുള്ള യോഗ്യതയില്ലെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. 2015ല്‍ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്സിനൊപ്പംനിന്ന് പാര്‍ലമെന്റിലെത്തിയ രാജപാക്സെ അടുത്തിടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു.
അതിനിടെ മന്ത്രിസഭ രൂപീകരിക്കാന്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യു.എന്‍.പി)സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയെ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.മന്ത്രിമാരുടെ പട്ടികയില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും യു.എന്‍.പി നേതാവ് നളിന്‍ ബണ്ടാര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."