വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മുരുകനെ പ്രവേശിപ്പിക്കാതിരുന്നതെന്ന്
തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി മുരുകനെ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരുപ്പുകാരില്ലാത്തതിനാലാണ് മുരുകന് ചികിത്സ നിഷേധിച്ചെന്ന തരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന നല്ലൊരു ശതമാനം പേരും കൂട്ടിരുപ്പുകാരില്ലാതെ അജ്ഞാതരായാണ് എത്തുന്നത്. ഇത്തരം അജ്ഞാത രോഗികളെ നോക്കാനായി അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. അപകടാവസ്ഥയില്‍ കൊണ്ടു വരുന്ന ആള്‍ക്ക് ഒരു ബാധ്യതയും ആശുപത്രി അധികൃതര്‍ ഉണ്ടാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഡോക്ടര്‍ കൂടെ അനുഗമിച്ചാണ് വാര്‍ഡുകളിലോ ഐ.സി.യുകളിലോ പ്രവേശിപ്പിക്കുന്നത്. ന്യൂറോ സര്‍ജന്‍ ഇല്ലായെന്ന് റഫര്‍ ചെയ്താണ് കൊല്ലം മെഡിട്രീന ആശുപത്രിയില്‍ നിന്നും മുരുകനെ രാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആംബുലന്‍സിലെത്തി പരിശോധിച്ചു. ഒറ്റ ഐ.സി.യുകളിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് മുരുകനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ആംബു ബാഗുപയോഗിച്ച് ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്താമെന്നുള്ള സാധ്യതയും ഡോക്ടര്‍മാര്‍ ആരാഞ്ഞിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലുള്ള രോഗിയെ മാറ്റിയാലുള്ള അവസ്ഥ മുരുകനെ കൊണ്ടു വന്നവരോട് ഡോക്ടര്‍ വിവരിച്ചു. ഇക്കാര്യം ബോധ്യമായ അവര്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രി തേടിപ്പോകുകയായിരുന്നു. ഈ രോഗി ഇവിടെ നിന്നും ഒ.പി ടിക്കറ്റ് പോലും എടുത്തിട്ടില്ലായെന്നും സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."