വനിതാ മതിലും നവോത്ഥാനത്തിന്റെ പ്രതിസന്ധിയും
ഇ.ആര്‍ ഉണ്ണി#
ചുരുക്കിപറഞ്ഞാല്‍ നവോത്ഥാനം വലിയ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ മുന്‍നിര്‍ത്തി യുവതീ പ്രവേശനമെന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയുടെ പേരില്‍ നടത്തുന്ന ഒളിച്ചുകളികള്‍ കേരളത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നതാണ് സത്യം .
പ്രശ്‌നം ശബരിമലയാണ്. തര്‍ക്കം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആത്യന്തികമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലാണ്. സുപ്രിംകോടതി വിധിക്കെതിരേയുള്ള റിവ്യൂ ഹരജികള്‍ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞയാഴ്ച വരെ ശബരിമലയില്‍ സന്നിധാനത്തു വരെ അയ്യപ്പന്‍മാര്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. മന്ത്രിമാര്‍, പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രി എന്നിവര്‍ ഒറ്റക്കെട്ടായി ശബരിമലയ്ക്കും തന്ത്രിക്കുമൊക്കെ എതിരേ മ്ലേഛമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്നു. ശബരിമലയിലേക്ക് സ്വാമിമാര്‍ വരാതായി. ഭക്തി അകന്നു. വിഭക്തി കലഹത്തിലെത്തി. നട വരവു കുറഞ്ഞത് മാത്രം മിച്ചം. എന്നാല്‍ നാട്ടില്‍ അപ്പോഴും ചര്‍ച്ച നവോത്ഥാനമാണ്. മന്ത്രി മുഖ്യന്‍ തന്നെ മോഡറേറ്റര്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതുവര്‍ഷപ്പുലരിയില്‍ വനിതാ മതില്‍ തീര്‍ക്കാനും പദ്ധതിയായി. എന്നാല്‍ സത്യം എന്താണ് ? ഒരു പ്രശ്‌നവും തീരുന്നില്ല. രോഗത്തിനല്ല ചികിത്സ എന്ന നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴും മുഖ്യമന്ത്രി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മലക്കം മറിയുകയാണ്. നവോത്ഥാനം അത്രത്തോളം പ്രശ്‌നത്തിലാണോ? ഏതു നവോത്ഥാന മൂല്യത്തിനാണ് ച്യുതി സംഭവിച്ചത്? നവോത്ഥാനത്തിന്റെ പ്രതിസന്ധി മുഴുവന്‍ ഈ മന്ത്രിമുഖ്യന്റെ സൃഷ്ടിയല്ലേ?
ഈ ചോദ്യത്തിനൊരു കാരണമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യന്‍ ചെയ്ത പ്രസംഗം തന്നെ. 'ശബരിമലയിലെ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് നോക്കിക്കോളും ' എന്നായിരുന്നു ആ പ്രസംഗം. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനം ചീറ്റിപ്പോയതിന്റെ ബാക്കിയാണോ വനിതാ മതില്‍ എന്നതില്‍ നിന്നാണ് ഈ ചോദ്യമുയരുന്നത്. പ്രളയ ദുരിതാശ്വാസം എവിടെയുമെത്താത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ വേണോ വനിതാ മതില്‍ എന്ന ചോദ്യവും പിറകെ ഉയരുന്നുണ്ട്.
ഒരു കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കണോ? അവസാനം കുറ്റം നവോത്ഥാനത്തിനും. 1913ല്‍ തിരുവിതാംകൂറില്‍ നടന്ന ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരം (ചാന്നാര്‍ സമരം) മുതല്‍ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെയുള്ള നവോത്ഥാന സമരങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. ഇതിലേത് നവോത്ഥാന മുന്നേറ്റത്തിലാണ് കമ്മ്യൂണിസ്റ്റുകാരുള്ളത്? പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയവര്‍ നവോത്ഥാന മുന്നേറ്റങ്ങളില്‍ പങ്കാളികളായത് അവര്‍ കോണ്‍ഗ്രസുകാരായിരുന്നപ്പോഴാണ്. ഗാന്ധിജിയുടെ ആഹ്വാനമായിരുന്നു അതിനു പിന്‍ബലമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടപ്പോഴേക്കും പ്രശ്‌നം അധികാരമായി. സ്വാതന്ത്ര്യാനന്തരം അധികാരം കിട്ടാത്തതു കൊണ്ടല്ലേ കല്‍ക്കത്താ തിസീസിലേക്കു പോയതും 'ഉടന്‍ വിപ്ലവ'ത്തിന് നേതൃത്വം കൊടുത്തതും. അത്തരം ഒരു 'ഉടന്‍ വിപ്ലവം' ശബരിമലയിലും പാര്‍ട്ടി ആഗ്രഹിക്കുന്നുവോ? ദേവസ്വം ബോര്‍ഡിലും പാര്‍ട്ടിക്കു ചില ലക്ഷ്യങ്ങളുണ്ടെന്നറിയാം. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്തും ചില നീക്കങ്ങള്‍ നടത്തിയല്ലോ. അതിനു ശേഷമല്ലേ സുധാകരന്‍ മന്ത്രി (അന്നത്തെ ദേവസ്വം മന്ത്രി) 'സന്നിധാനത്തിലെ കഴുതകള്‍ ' എന്ന മഹാകാവ്യം എഴുതിയത്. നവോത്ഥാനം പ്രതിസന്ധിയിലാണെന്നു പറഞ്ഞ് കേരളത്തെ ഇനിയും പ്രതിസന്ധിയിലാക്കണോ? പ്രളയത്തിനു ശേഷം നടുനിവര്‍ത്തിയിട്ടില്ല നമ്മുടെ കേരളം.
ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് തീരുമാനമായിരിക്കയാണ്. ശബരിമല സ്ത്രീ പ്രവേശന വിധിയിന്‍മേലുള്ള റിവ്യൂ ഹരജി കോടതിയുടെ പരിഗണനയിലാണ്. തര്‍ക്കം ഇപ്പോഴും സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലാണ് ( വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനും ഇപ്പോള്‍ അത്ര ഉറപ്പില്ല). മല കയറാനെത്തിയ വനിതകളെ പൊലിസ് തിരിച്ചയക്കുന്നു. ഹിന്ദു ആക്ടിവിസ്റ്റുകളെന്ന് സംശയിക്കുന്നവരെ ജയിലിലേക്കയക്കുന്നു. വനിതാ ആക്ടിവിസ്റ്റുകള്‍ തല്‍ക്കാലം മലകയറ്റം നിര്‍ത്തി. സ്വാമിമാര്‍ ശബരിമലയടക്കം പലയിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നു (പീഡനം അവരെ സംരക്ഷിക്കാനാണെന്നത്രെ സര്‍ക്കാര്‍ മതം ). എന്നാല്‍ നാട്ടില്‍ പ്രശ്‌നം നവോത്ഥാനമാണ്. മാറുമറയ്ക്കല്‍ സമരത്തിന്റെ മൂല്യച്യുതി അന്വേഷിക്കുന്നതിനിടയില്‍ ചില പാര്‍ട്ടിക്കാര്‍ മാറു പറിക്കാനിറങ്ങുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തലവേദനയായിട്ടുണ്ട്. എല്ലാം മറക്കാന്‍ ഒരേ ഒരു വഴി. വനിതാ മതില്‍. ചെലവ് സര്‍ക്കാര്‍ വഹിക്കും. പിരിവില്ല. പെണ്ണുങ്ങള്‍ സമയത്തിനെത്തിയാല്‍ മതി.
അവിടെയും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. ശബരിമലയുടെ പേരില്‍ തുടങ്ങി നവോത്ഥാനത്തിലെത്തി നില്‍ക്കുന്ന ഈ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരം ഹൈന്ദവ ശുദ്ധീകരണം മാത്രമാണോ ലക്ഷ്യമിടുന്നത് ? ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന ലക്ഷ്യം നിലനിര്‍ത്തുക എന്നതും വനിതാ മതിലിന്റെ ലക്ഷ്യമാണോ? ഇതിന്റെ പേരില്‍ കോടികള്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കാന്‍ നമ്മുടെ കൈയിലുണ്ടോ? നവകേരള നിര്‍മ്മാണത്തിനു പലയിടത്തും നാം ഭിക്ഷപാത്രവുമായി നില്ക്കുകയാണ്.
ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ സ്ത്രീകളാണ് പ്രതിസന്ധിയിലായത്. അവരാഗ്രഹിക്കാത്ത ഒരു പ്രശ്‌നത്തില്‍ ചിലര്‍ ഇടപെട്ട് അവരെ ഇളക്കിവിടുന്നു. അവരെക്കൊണ്ട് യുദ്ധം ചെയ്യിക്കുന്നു. അവരെ പ്രതിഷേധ പാളയത്തില്‍ എത്തിക്കുന്നു. അവരുടെ സമാധാന ജീവിതം എന്ന സ്വാതന്ത്ര്യം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതല്ലേ? തൊഴിലുറപ്പു പദ്ധതിയില്‍ ദിവസക്കൂലിക്കു പണിയെടുക്കുന്നവരൊക്കെ സര്‍ക്കാര്‍ പിണിയാളുകളാണെന്ന ധാരണ ശരിയാണോ? സ്ത്രീകള്‍ക്കു തൊഴിലുറപ്പും ജീവിത സുരക്ഷിതത്വവും ലക്ഷ്യമിട്ട് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഈ പദ്ധതി. സര്‍ക്കാരാണ് പണം നല്‍കുന്നതെന്ന കാരണത്താല്‍ അവര്‍ പറയുന്ന മതിലിലൊക്കെ കേറണമെന്നില്ല. ജില്ലാ തലത്തില്‍ കലക്ടറാണത്രെ വനിതാ മതിലിന്റെ കാര്യക്കാരന്‍.
പ്രളയം സമ്മാനിച്ച ചില പ്രതിസന്ധികള്‍ നമുക്കുണ്ട്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. മറ്റെല്ലാ പ്രതിസന്ധികളെയും നമുക്ക് മറികടക്കാം, ജനങ്ങളോട് ആത്മാര്‍ഥതയുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍. എന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്താന്ന് പ്രതിസന്ധി? പ്രകടനപത്രിക മുന്‍പിലുണ്ടല്ലോ. അതില്‍ പറഞ്ഞത് നടപ്പാക്കുക. അതില്‍ വല്ല പ്രതിസന്ധിയുമുണ്ടെങ്കില്‍ അതു പറയുക. പരിഹാരം കണ്ടെത്താം. ജനം കൂടെയുണ്ടാകും. ശബരി മലയില്‍ തുടങ്ങി, കാടുകയറി, നാടു മറന്ന്, നാവു മറന്ന്, ജനത്തെ മറന്ന് ഇതാ ഇവിടെ വനിതാ മതിലില്‍ കേറിനില്‍പ്പാണ് സര്‍ക്കാര്‍. നവോത്ഥാനത്തില്‍ നമ്മള്‍ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ വിളിച്ചുപറയുന്നു. സത്യത്തില്‍ സംസ്ഥാനത്തെ ഇക്കൂട്ടര്‍ പ്രതിസന്ധിയിലാക്കിയതല്ലേ? എന്താണ് കേരള സര്‍ക്കാരിന്റെ യഥാര്‍ഥ പ്രതിസന്ധി? രാഷ്ടീയ മൂല്യച്യുതിയല്ലേ യഥാര്‍ഥ പ്രതിസന്ധി?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."