മധുരനാരങ്ങ പോലെ ആകരുത് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യം
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടിച്ചു പോരിനിറങ്ങി. സോഷ്യലിസ്റ്റ് പാര്‍ട്ടിയും സംഘടനാ കോണ്‍ഗ്രസും ജനസംഘവും യോജിച്ചു ജനതാപാര്‍ട്ടി രൂപീകരിച്ചാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വ്യത്യസ്ത ആശയക്കാര്‍ ചേര്‍ന്ന ഈ മുന്നണിയെ പുറമേയ്ക്കു കെട്ടുറപ്പും ഭംഗിയുമുള്ളതെങ്കിലും തൊലിയുരിഞ്ഞ് അടര്‍ത്തിയാല്‍ ഓരോ അല്ലിയും വേറിട്ടു പോകുന്ന മധുരനാരങ്ങയോടാണ് അന്ന് ഇന്ദിരാഗാന്ധി ഉപമിച്ചത്.
അവര്‍ പറഞ്ഞപോലെ സംഭവിച്ചു. 77ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി ജയിക്കുകയും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്തുവെങ്കിലും ആ പാര്‍ട്ടിയും സര്‍ക്കാരും അടര്‍ന്നുവീഴാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ജനതാപാര്‍ട്ടിയിലെ ഓരോ പാര്‍ട്ടിയും അടര്‍ന്നു വീണു. രണ്ടരവര്‍ഷത്തിനു ശേഷം മൊറാര്‍ജി മന്ത്രിസഭ നിലംപറ്റി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തന്നെ അധികാരത്തില്‍ തിരിച്ചെത്തി.
ഇപ്പോഴത്തെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യം കാണുമ്പോള്‍ പഴയ മധുരനാരങ്ങയുടെ ഉപമയാണ് ഓര്‍മവരുന്നത്. നരേന്ദ്രമോദിക്കെതിരേ സംഘടിക്കാന്‍ ഒരുങ്ങുന്ന പ്രതിപക്ഷ ഐക്യനിരയില്‍ പുത്തരിയില്‍ കല്ലുകടിക്കുകയാണ്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയതു പ്രതിപക്ഷ ഐക്യനിരയിലെ മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ക്കു രുചിച്ചിട്ടില്ല.
അസ്ഥാനത്തു നടത്തിയ ഈ പ്രസ്താവനയില്‍ പ്രതിപക്ഷ ഐക്യനിരയുടെ ചുക്കാന്‍ പിടിക്കുന്ന ചന്ദ്രബാബു നായിഡു പോലും നീരസം പ്രകടിപ്പിക്കുകയാണു ചെയ്തത്. പ്രധാനമന്ത്രി ആരാകണമെന്നതു ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനിക്കേണ്ടതാണെന്നു ബി.എസ്.പി നേതാവ് മായാവതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും പ്രതികരിച്ചു കഴിഞ്ഞു.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിപക്ഷ ഐക്യനിരയില്‍ യോജിപ്പില്ലെന്നതു നേരത്തേ മുതല്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പരസ്പരം പൊരുത്തമില്ലാതെ പ്രവര്‍ത്തിച്ച പ്രതിപക്ഷം ഒരേ ആവശ്യത്തിനു വേണ്ടി പോരാടുമ്പോള്‍ ആദ്യം തീരുമാനിക്കേണ്ടത് ആര് പ്രധാനമന്ത്രിയാകണമെന്നല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യപ്പെടല്‍ സുദൃഢമാക്കലാണ്.
ഏച്ചുകെട്ടിയാല്‍ മുഴച്ചുനില്‍ക്കും. അതിനു ബലമുണ്ടാകില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമന്ത്രി കസേരയില്‍ കണ്ണുനട്ടിരിക്കുന്നവരാണ് പ്രതിപക്ഷ നിരയിലെ പല നേതാക്കളും. അത്തരമൊരവസ്ഥ നിലനില്‍ക്കുമ്പോള്‍ ഏച്ചുകൂട്ടുന്ന പ്രതിപക്ഷ ഐക്യനിരയ്ക്ക് ഏറെക്കാലം നിലനില്‍ക്കാനാവില്ല. മധുരനാരങ്ങയെപ്പോലെയാകും. താല്‍ക്കാലികമായി മോദിയെ വീഴ്ത്താനായാലും ഐക്യപ്പെടാത്തവരുടെ നിലനില്‍പ്പിന് അല്‍പ്പായുസ്സാകും. മോദി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാനും അതു വഴിയൊരുക്കും. അതോടെ ജനാധിപത്യ പ്രക്രിയ അവസാനിക്കുകയും ഫാസിസ്റ്റ് ഭരണസംവിധാനത്തിന് അടിത്തറയുറയ്ക്കുകയും ചെയ്യും.
ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ഭരണം തൂത്തെറിയുകയെന്നതാണു പ്രതിപക്ഷ ഐക്യനിരകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ മൂപ്പിളമ തര്‍ക്കമില്ലാതെ സംയമനത്തോടെ പാര്‍ട്ടി നേതാക്കള്‍ കാര്യങ്ങളെ സമീപിക്കണം. മായാവതിയുടെയും മമതാബാനര്‍ജിയുടെയും എതിര്‍പ്പ് കോണ്‍ഗ്രസിന് ഒരു സന്ദേശമാണ്. പ്രതിപക്ഷ ഐക്യനിരയ്ക്കു നേതൃത്വം നല്‍കിയതു കൊണ്ടു മാത്രം കോണ്‍ഗ്രസിന് അധികാരത്തിന്റെ കടിഞ്ഞാണ്‍ കിട്ടണമെന്നില്ല.
വിവിധ സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ദൗത്യം ജീവന്മരണ പോരാട്ടമായി എടുത്താല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചുവരാനാകൂ. ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. അതിന്റെ പൂവും കായും ഫാസിസത്തിന്റെ വിഷക്കാറ്റേറ്റ് വാടിപ്പോയിരിക്കാം. എന്നാല്‍, രാജ്യമൊട്ടാകെ അടിവേരുള്ള രാഷ്ട്രീയപ്രസ്ഥാനത്തിനു പഴയകാല പ്രതാപത്തിലേയ്ക്കു തിരിച്ചുവരാന്‍ കഴിയും. തിരിച്ചുവരണമെങ്കില്‍ കഠിനാധ്വാനം വേണ്ടിവരും.
നീക്കുപോക്കുകളിലൂടെയാണെങ്കിലും ഓരോ സംസ്ഥാനങ്ങളില്‍നിന്നും പരമാവധി എം.പിമാരെ തെരഞ്ഞെടുക്കുവാന്‍ കോണ്‍ഗ്രസിന് കഴിയണം. എങ്കില്‍ മാത്രമേ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ഭീഷണി തരണം ചെയ്യാനാകൂ. ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്നതായിരിക്കണം അന്തിമലക്ഷ്യം. മൂന്നു സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി എന്നിവര്‍ പങ്കെടുത്തില്ലെന്നതില്‍ നിന്നു കോണ്‍ഗ്രസ് പഠിക്കേണ്ട വലിയ പാഠമുണ്ട്. ഇപ്പോഴത്തെ വിജയത്തില്‍ ഊറ്റം കൊണ്ടതുകൊണ്ടായില്ല. ഇനിയാണു തന്ത്രപൂര്‍വം നീങ്ങേണ്ടത്. പ്രതിപക്ഷ ഐക്യനിരയില്‍ ഉണ്ടായേക്കാവുന്ന ഒരു വിള്ളലിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കും.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച രാഹുല്‍ഗാന്ധിയുടെ നേതൃത്വം രാജ്യമൊട്ടാകെ ഈ പ്രക്രിയ തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാവൂ. മൂന്ന് സംസ്ഥാനങ്ങളിലെ വിജയംകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ചുകയറാമെന്നത് വ്യാമോഹം മാത്രമായിരിക്കും. മൊറാര്‍ജി ദേശായി മന്ത്രിസഭക്കുണ്ടായ അനുഭവം ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യത്തിന് ഉണ്ടാവാതിരിക്കണമെങ്കില്‍, ഇന്ദിരാഗാന്ധി അതിശക്തയായി തിരിച്ചു വന്നതുപോലെ ഒരിക്കല്‍ക്കൂടി നരേന്ദ്രമോദി തിരിച്ചുവരാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിന്റെ പുനരുജ്ജീവനം യാഥാര്‍ഥ്യമാക്കുക തന്നെവേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."