ഗൃഹനാഥന്റെ മരണം കൊലപാതകം: അയല്‍വാസികള്‍ അറസ്റ്റില്‍
അടിമാലി (ഇടുക്കി): പാറയില്‍ നിന്ന് വീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ സമീപവാസികളായി രണ്ടുപേര്‍ പിടിയില്‍.
വെള്ളത്തൂവല്‍ മുള്ളിരിക്കുടി കരിമ്പനാനിക്കല്‍ ഷാജി (സജീവന്-50) മരിച്ച കേസിലാണ് അയല്‍വാസികളായ കുന്നനാനിക്കല് സുരേന്ദ്രന് (54), വരിക്കനാനിക്കല്‍ ബാബു (47) എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
26ന് സമീപത്തെ പാറയുടെ അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തിരുപ്പൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ ബാബു വീട്ടിലില്ലാത്ത സമയം ഇയാളുടെ വീട്ടില്‍ ഷാജി എത്തിയിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായി പൊലിസ് പറയുന്നത്. തുടര്‍ന്ന് ബന്ധുകൂടിയായ സുരേന്ദ്രന്റെ സഹായത്തോടെ ഷാജിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
സംഭവദിവസം വൈകിട്ട് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനായി ഷാജിയെ വിളിച്ചുവരുത്തി. സമീപത്ത് പാറക്കെട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്തര്‍ക്കം ഉണ്ടാവുകയും ഷാജിയെ പാറയില്‍ നിന്ന് തള്ളിയിട്ട് കൊല്ലുകയുമായിരുന്നു.
സ്വഭാവിക മരണമെന്ന് വിലയിരുത്തിയ കേസിന് തുമ്പുണ്ടായത് ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരി പുത്രന്റെ മൊഴിയാണ്. മദ്യപിക്കാന്‍ പോകുന്ന കാര്യം മരുമകനോട് ഷാജി പറഞ്ഞിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി ഡി.എസ് സനീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. തെളിവെടുപ്പിനുശേഷം പ്രതികളെ ഇന്നലെ അടിമാലി ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."