മുടങ്ങിക്കിടന്ന നഗരപാത വികസനത്തിന് പുതുജീവന്‍
കുന്ദമംഗലം: കോട്ടാംപറമ്പ് ടൗണിലെ കൂറ്റന്‍ ആല്‍മരം മുറിച്ചുമാറ്റിയതോടെ നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സി.ഡബ്ല്യു.ആര്.ഡി.എം-പനാത്തുതാഴം-ഗാന്ധി റോഡിന്റെ നിര്‍മാണ പ്രവൃത്തിക്ക് ആക്കം കൂടി. നേരത്തെ മുണ്ടിക്കല്‍താഴം മുതല്‍ സി.ഡബ്ല്യു.ആര്.ഡി.എം വരെയുള്ള ഭാഗത്തു നിര്‍മാണപ്രവൃത്തി മുടങ്ങിപ്പോയിരുന്നു. ആല്‍മരം മുറിക്കുന്നതിനും കോട്ടാംപറമ്പ്-സി.ഡബ്ല്യു.ആര്.ഡി.എം ഭാഗത്തു റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന അഴുക്കുചാലിലെ വെള്ളം ഒഴുക്കിവിടുന്നതി നുമെതിരേ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നതിനാല്‍ ഈ ഭാഗത്ത് ഏറെക്കാലമായി നിര്‍മാണ പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു.
ഇവിടെനിന്നുള്ള മഴവെള്ളം കൊളായ്താഴത്തെ താഴ്ന്ന പ്രദേശത്തെ വെള്ളത്തിനടിയിലാക്കുമെന്നാരോപിച്ചായിരുന്നു ഒരുവിഭാഗം രംഗത്തുവന്നത്. കലക്ടറുടെ സാന്നിധ്യത്തില്‍ നേരത്തെ നടന്ന അനുരഞ്ജന യോഗത്തിലാണ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനമായത്.
ഈ റോഡിന്റെ ഭാഗമായുള്ള ഗാന്ധി റോഡ് മുതല്‍ മിനി ബൈപ്പാസ് വരേയും പനാത്തുതാഴം മുതല്‍ മുണ്ടിക്കല്‍ താഴം വരേയും വീതികൂട്ടി ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഡ്രൈനേജും നിര്‍മിച്ച് ടാറിങ് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കോട്ടാംപറമ്പിലെ ആല്‍മരം കൂടി മുറിച്ചുമാറ്റിയില്ലെങ്കില്‍ നിര്‍മാണ പ്രവൃത്തി വീണ്ടും മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. മരം നിലനിര്‍ത്തി റോഡ് നിര്‍മാണം നടത്തുകയാണെങ്കില്‍ ഇനിയും 26 സെന്റ് സ്ഥലം അക്വയര്‍ ചെയ്യേണ്ടി വരുമെന്നായിരുന്നു വിലയിരുത്തല്‍. മരം മുറിച്ചുമാറ്റാനുള്ള സര്‍വകക്ഷി യോഗതീരുമാനം വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വികസനത്തിന് വഴിതെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."