ഏടാകൂടത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്
കൊല്ലം: ഏടാകൂടത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ് . കൊല്ലം സ്വദേശിയും ചുവര്‍ ചിത്രകാരനും സിനിമ കലാസംവിധായകനുമായ രാജശേഖരന്‍ പരമേശ്വരനാണ് ഏടാകൂടം നിര്‍മിച്ച് ഗിന്നസ് അടിച്ചെടുത്തത്. കൊല്ലം റാവിസ് ഹോട്ടലില്‍ ഒരുക്കിയ ഏറ്റവും വലിയ 24 അടി നീളവും രണ്ടടി വീതിയും രണ്ടടി കനവുമുള്ള ആറ് കാലുകളാണ് ഈ ഏടാകൂടത്തിനുള്ളത്. രണ്ട് മാസമെടുത്ത് നിര്‍മിച്ച കൂറ്റന്‍ ഏടാകൂടം 2017 ഡിസംബര്‍ 27നാണ് പൂര്‍ത്തിയായതെന്ന് രാജശേഖരന്‍ പരമേശ്വരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ രാജശേഖരന്‍ 18ാം വയസില്‍ തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നാലിഞ്ച് വലുപ്പമുള്ള ഏടാകൂടം കണ്ടതോടെയാണ് ഇതില്‍ ആകൃഷ്ടനായത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള 18 അടി ഉയരവും 40 സെന്റിമീറ്റര്‍ വീതിയും കനവുമുള്ള ഏടാകൂടമായിരുന്നു നിലവില്‍ ഏറ്റവും വലുത്. ഈ റെക്കോര്‍ഡാണ് രാജശേഖരന്റെ ഏടാകൂടത്തിന് വഴി മാറിയത്. 2008ല്‍ ഏറ്റവും വലിയ ഇസല്‍ ചിത്രം വരച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ 'നാലുപെണ്ണുങ്ങള്‍' എന്ന ചലച്ചിത്രത്തിന്റെ കലാസംവിധാനത്തിന് 2007ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
മലേഷ്യ, സിങ്കപ്പൂര്‍, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ രാജശേഖരന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുമുണ്ട്. ഏടാകൂട നിര്‍മാണത്തിനു സാമ്പത്തിക സഹായമുള്‍പ്പടെ നല്‍കിയ ഹോട്ടല്‍ റാവിസിന് ലഭിച്ച പങ്കാളിത്ത സാക്ഷ്യപത്രവും മെഡലും രാജശേഖരന്‍ ജനറല്‍ മാനേജര്‍ സുമ നായര്‍ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."