അക്ഷരമരത്തില്‍ കൂടുകൂട്ടാന്‍ കിളികളെത്തി; കുരുന്നു കണ്ണുകളില്‍ വിസ്മയം
എടച്ചേരി: കിളികളും കൂടുകളും മുട്ടയുമൊക്കെ പാഠ പുസ്തകത്താളുകളില്‍ നിന്ന് ക്ലാാ് മുറിയില്‍ തങ്ങളുടെ കണ്‍മുന്നിലേക്ക് ജീവനോടെയെത്തിയത് കുരുന്നു കണ്ണുകളില്‍ വിസ്മയം ജനിപ്പിച്ചു. നരിക്കുന്ന് യു.പി സ്‌കൂളിലെ ക്ലാസുകളില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുക്കിയ അക്ഷരമരങ്ങളിലാണ് കിളികള്‍ കൂടുകെട്ടുകയും മുട്ടയിടുകയും ചെയ്തത്. അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് 'അക്ഷര മരം' എന്ന പേരില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ ക്ലാസുകളിലും മരങ്ങള്‍ തീര്‍ത്തത്. മരത്തിന്റെ തണ്ടുകളും, ചുള്ളിക്കമ്പുകളും കൊണ്ട് അധ്യാപകരുടെ സഹായത്താല്‍ കുട്ടികള്‍ തീര്‍ത്ത അക്ഷരമരം കാഴ്ചയില്‍ യഥാര്‍ഥ മരത്തെ വെല്ലുന്നതായി. അക്ഷരങ്ങളും, ചിത്രങ്ങളും രേഖപ്പെടുത്തിയ വര്‍ണക്കടലാസുകള്‍ കൊണ്ട് തീര്‍ത്ത ഇലകളും പൂക്കളും കൂടി ആയപ്പോള്‍ കിളികളെത്തി കൂടുകൂട്ടാനും മറന്നില്ല. ക്ലാസ് മുറിയിലെ കുസൃതികളുടെ ബഹളങ്ങളെ ഗൗനിക്കാതെ കുഞ്ഞിക്കിളികള്‍ കൂട് തീര്‍ത്ത് മുട്ടയുമിട്ടു. രണ്ടാം ക്ലാസിലും വരാന്തയിലും സ്ഥാപിച്ച മരങ്ങളിലാണ് കിളികള്‍ കൂടുക്കൂട്ടിയത്.
'കുഞ്ഞിക്കിളിയുടെ കണ്ണും കരളുമാണി മ്മുട്ട തല്ലിയുടച്ചീടല്ലേ'. പാഠപുസ്തകത്തിലെ വരികള്‍ ഈണത്തില്‍ ചൊല്ലുമ്പോഴും കുട്ടികളുടെ നോട്ടം തങ്ങളുടെ കണ്‍മുന്‍പിലെ കൂട്ടിലെ മുട്ടയിലേക്കാണ്. ഇനി ഈ മുട്ട വിരിഞ്ഞ് കുഞ്ഞിക്കിളികള്‍ പുറത്തു വരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് നരിക്കുന്ന് യു.പി സ്‌കൂളിലെ കൊച്ചു കൂട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."