കാണാതായ വൃദ്ധയെ നിമിഷ നേരം കൊണ്ട് നായ കണ്ടെത്തി
കുറ്റ്യാടി: കാണാതെ പോയ വൃദ്ധയ്ക്കായി പൊലിസും നാട്ടുകാരും 24 മണിക്കൂര്‍ തിരഞ്ഞിട്ടും കണ്ടെത്താതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്ത റിമോ നിമിഷ നേരം കൊണ്ട് കണ്ടെത്തി. ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിലെ റിമോ എന്ന നായയാണ് കാവിലുംപാറ മൂന്നാംകൈ കോളനിയില്‍ നിന്നും കാണാതായ 72കാരി ചിരുതയെ മിനുട്ടുകള്‍ക്കകം കണ്ടെത്തി നാട്ടുകാരുടെ കയ്യടി നേടിയത്. 16ന് ഞായറാഴ്ച്ചയാണ് ഉറങ്ങിക്കിടന്ന ചിരുതയെ രാവിലെയോടെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിസരങ്ങളിലും ബന്ധുവീടുകളിലുമെല്ലാം അന്വേഷിച്ചു. കണ്ടെത്താനാവാതെ വന്നപ്പോള്‍ തൊട്ടില്‍പ്പാലം പരാതി നല്‍കുകയും പൊലിസ് പരിസരങ്ങളിലും മറ്റും അരിച്ചു പെറുക്കി. എന്നിട്ടും ചിരുതയെ കണ്ടെത്താനായില്ല. ഒടുവിലാണ് ബാലുശ്ശേരിയിലെ ഡോഗ് സ്‌ക്വാഡിന്റെ സഹായം തേടിയത്.
വസ്ത്രത്തിന്റെ മണം പിടിച്ചു രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച റിമോ സംഗമം നഗര്‍ പുഴയരികില്‍ വള്ളിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന ചിരുതയെ കണ്ടെത്തി. പിന്നീടങ്ങോട്ട് റിമോയ്ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമായിരുന്നു. മണിക്കൂറുകള്‍ തിരഞ്ഞിട്ടും കണ്ടെത്താനാവാതിരുന്ന ചിരുതയെ നിമിഷ നേരം കൊണ്ടു റിമോ കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം പൊലിസിനും ആശ്വാസമായി. സ്‌ക്വാഡിലെ പൊലിസ് ഓഫീസര്‍മാരായ അനീഷ്, റജി എന്നിവരാണ് റിമോയുമായി എത്തിയത്. തൊട്ടില്‍പ്പാലം എസ്.ഐമാരായ ബിജു, വിനയന്‍ എന്നിവരും നാട്ടുകാര്‍ക്കൊപ്പം പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ചിരുതയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളോടൊപ്പം വീട്ടില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."