പയ്യാനക്കല്‍ സ്‌കൂളില്‍ അധ്യാപകരില്ല; കുട്ടികളുടെ പഠനം അവതാളത്തില്‍
കോഴിക്കോട്: പയ്യാനക്കല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം അവതാളത്തില്‍. കോഴിക്കോട് കോര്‍പറേഷനില്‍ ഉള്‍പ്പെട്ടതും ഏറെ പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശങ്ങളായ പയ്യാനക്കല്‍, ചക്കുംകടവ്, ആനമാട്, കപ്പക്കല്‍, നദീനഗര്‍, കോയവളപ്പ്, മില്ലത്ത് കോളനി, വൈ.എം.ആര്‍.സി അടങ്ങിയ തീരപ്രദേശങ്ങളിലെ വിദ്യാര്‍ഥികളാണ് ഈ സ്‌കൂളിനെ ആശ്രയിക്കുന്നത്.
ഒന്നുമുതല്‍ വി.എച്ച്.എസ്.എസ് വരെ ക്ലാസുകളില്‍ 2300ല്‍പരം വിദ്യാര്‍ഥികളും 78 ഓളം ജീവനക്കാരുമുണ്ടിവിടെ. എന്നാല്‍ സ്ഥിരം അധ്യാപകരായി 40 പേര്‍ മാത്രമാണ് സ്‌കൂളില്‍ ജോലി ചെയ്യുന്നത്. ബാക്കി 38 അധ്യാപകരെ ദിവസവേതനത്തിനാണ് നിയമിക്കുന്നത്. സ്ഥിരമായി അധ്യാപകരില്ലാത്തത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. 2013ല്‍ 97 ശതമാനം, 2011ല്‍ 87, 2012ല്‍ 90 എന്നിങ്ങനെയായിരുന്നു എസ്.എസ്.എല്‍.സിയുടെ വിജയശതമാനം. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ വിജയശതമാനം കുത്തനെയിടിഞ്ഞു. ഇതിനുകാരണം സ്‌കൂളില്‍ അധ്യാപകരില്ലാത്തതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അതേസമയം ഒഴിവുവന്ന മുഴുവന്‍ അധ്യാപകരുടെയും നിയമനം ഉടന്‍ നടത്തണമെന്ന് എം.ഇ.എസ് പയ്യാനക്കല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ കോയ അധ്യക്ഷനായി. എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.വി ഷംസുദ്ദീന്‍, എം.ഇ.എസ് താലൂക്ക് സെക്രട്ടറി കെ. ഹാഷിം, കെ. അബ്ദുല്‍ അസീസ്, എസ്.എം സാജിത്, വി.പി മമ്മത് കോയ, കെ.എം റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."